ഇങ്ങനെയും മനുഷ്യര്‍; മാനവ മൂല്യമുള്ള ഈ മനുഷ്യസ്‌നേഹി പ്രചോദനമാകട്ടെ

കൊറോണയുടെ ആദ്യഘട്ട ദിവസങ്ങളില്‍ എസ്എഫ്‌ഐ ചാല ഏരിയ കമ്മിറ്റി യാചകര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി സാമൂഹ്യ മാധ്യമത്തില്‍ നല്‍കിയ പോസ്റ്റിനു താഴെ മുജീബ് എന്ന മാനവ മൂല്യമുള്ള മനുഷ്യസ്‌നേഹി, നിങ്ങളെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് എന്ന ഒരു കമന്റ് രേഖപ്പെടുത്തി.

കഴിഞ്ഞ നാലു ദിവസങ്ങളായി എസ്എഫ്‌ഐ ചാല ഏരിയ കമ്മിറ്റി പൊതിച്ചോറു നല്‍കി വരികയാണ്. നിലവില്‍ പൊതിച്ചോറ് തരുന്ന വീടുകളിലെ സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടും മറ്റും മനസിലാക്കി അവരുടെ വീടുകളില്‍ അരിയും, മറ്റു സാധനങ്ങളും എത്തിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മുജീബ് എന്ന് ആ മനുഷ്യനെ ഞങ്ങള്‍ ബന്ധപ്പെടുന്നത് ‘നിങ്ങള്‍ ഒഴികെയുള്ള എല്ലാവരും എന്നെ വിളിച്ചു, നിങ്ങള്‍ മാത്രമാണ് വിളിക്കാത്തത്, നിങ്ങള്‍ നാളെ വരൂ’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ഇന്ന് രാവിലെ ഞങ്ങള്‍ അദ്ദേഹത്തിന് അടുത്തേക്ക് എത്തി, എന്താണ് ആവശ്യം എന്നുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് അരിയാണ് പ്രധാനമായിട്ടുള്ള ആവശ്യം എന്ന് മറുപടി പറഞ്ഞു, ഉടന്‍ തന്നെ 5 ചാക്ക് അരി വണ്ടിയില്‍ കയറ്റാന്‍ നിര്‍ദ്ദേശം കൊടുത്തു, പഞ്ചസാര ഉണ്ടോ എന്നായി അടുത്ത ചോദ്യം,തുടര്‍ന്ന് ഒരു ചാക്ക് പഞ്ചസാരയും കയറ്റാന്‍ നിര്‍ദ്ദേശിച്ചു.

ഇത് കേള്‍ക്കുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം നിന്ന ഒരു ചിത്രം എടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍, ഇതിന് തന്റെ പേരില്‍ പ്രചരണം നല്‍കരുത് എന്നായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ മാനവ മൂല്യം ഉള്ള മനുഷ്യസ്‌നേഹികള്‍ നമുക്ക് ചുറ്റും ഉണ്ടെന്നു വിളിച്ചു പറയാതിരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല എന്നത് കൊണ്ടും മറ്റു പലര്‍ക്കും ഇത് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇവിടെ കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here