
തിരുവനന്തപുരം: “കുറച്ച് ദിവസമായി പണിയില്ല. പൈസയെല്ലാം തീർന്നു. ഇവിടെ ഭക്ഷണവും വെള്ളവുമെല്ലാമുണ്ട്. പക്ഷേ, ദനാപുരിലെ വീട്ടിൽ അമ്മയും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും… അവിടെ കടയൊന്നും തുറക്കുന്നില്ല.
ഭക്ഷണത്തിനുള്ളതെല്ലാം കഴിഞ്ഞു. അവര് പട്ടിണിയാകും. അതിനുമുമ്പ് വീട്ടിലെത്തിയാൽ മതി.’ –- ആക്കുളത്തെ ലേബർ ക്യാമ്പിലിരുന്ന് അതിഥിത്തൊഴിലാളിയായ അജിന്ത കുമാർ പറയുന്നു.
ബിഹാറിലെ ദനാപുരിലാണ് അജിന്തയുടെ വീട്. ഒന്നര വർഷമായി തിരുവനന്തപുരം ആക്കുളത്തെ ലുലു മാളിലെ നിർമാണത്തൊഴിലാളിയാണ്.
രാജ്യത്താകെ നിയന്ത്രണങ്ങൾ ആയതോടെ വീട്ടിലെത്താനാകാതെ വിഷമത്തിലാണ് അജിന്ത. 23ന് ബിഹാറിലുള്ള ട്രെയിൻ കയറാനായി അജിന്തയും കൂട്ടുകാരും റെയിൽവേ സ്‌റ്റേഷിനിലെത്തിയപ്പോഴാണ് ട്രെയിനുകളെല്ലാം റദ്ദാക്കിയെന്ന് അറിഞ്ഞത്.
ബസുമില്ലെന്ന് അറിഞ്ഞതോടെ തിരികെ ക്യാമ്പിലെത്തി. “ഇവിടെ പ്രശ്‌നമൊന്നുമില്ല. പക്ഷേ, വീട്ടിലെ കാര്യം പേടിയാണ്. കുഞ്ഞുങ്ങളെല്ലാം പേടിച്ചിരിക്കുകയാണ്. എന്ത് ചെയ്യുമെന്നറിയില്ല’ –- അജിന്ത പറഞ്ഞു. അറുന്നൂറിലധികം അതിഥിസംസ്ഥാന തൊഴിലാളികളാണ് ആക്കുളത്തെ ലേബർ ക്യാമ്പിലുള്ളത്.
സംസ്ഥാനത്താകെ 4603 ക്യാമ്പിലായി 1,44,145 പേർ. ഇവർക്കെല്ലാം ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. മുഴുവൻ ക്യാമ്പുകളിലും ആരോഗ്യപ്രവർത്തകരെത്തി പരിശോധന നടത്തുന്നുണ്ട്. ഐസൊലേഷൻ മുറികൾ സജ്ജീകരിച്ചിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here