കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്.

ഇതോടെ ഗുജറാത്തില്‍ മരണം അഞ്ചായി ശ്രീനഗറിലാണ് ഇന്നത്തെ രണ്ടാമത്തെ മരണം. ശ്രീനഗറിലെ രണ്ടാമത്തെ കൊറോണ മരണമാണ് ഇത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 26 ആയി

ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്.

ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.

പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് റബ്ബർബുള്ളറ്റ് പ്രയോഗിച്ചു.

ഒരു ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ മരണം 1700 കടന്നു. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകിയിരിക്കുകയാണ്.

പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ.

അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News