സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ക്യാമ്പുകള്‍; സര്‍ക്കാര്‍ തണലൊരുക്കിയത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്; ഒപ്പം ഭക്ഷണവും താമസസൗകര്യവും ആരോഗ്യ പരിരക്ഷയും; ആതിഥേയത്വത്തിന്റെ മഹനീയ മാതൃക

പാലക്കാട്: കൊവിഡ് – 19ന്റെ പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ അതിഥി തൊഴിലാളികളുടെ പലായനം നടക്കുമ്പോള്‍ കേരളം അതിഥി തൊഴിലാളികളുടെ അഭയ സ്ഥാനമാവുകയാണ്.

ജോലി നഷ്ടപ്പെട്ടതോടെ വരുമാനവും യാത്രാ സൗകര്യവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാവാതെ വലഞ്ഞവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ആരോഗ്യ പരിരക്ഷയും ഉറപ്പ് നല്‍കി രാജ്യത്തിന് മുന്നില്‍ ആതിഥേയത്വത്തിന്റെ മഹനീയ മാതൃകയാവുകയാണ് കേരളം.

ബുധന്‍ സിംഗിന്റെ മനസ്സിലെ ആശങ്കയുടെ കാര്‍മേഘം പാതിയൊഴിഞ്ഞു. യാത്ര മുടങ്ങിയതോടെ ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് മുന്നിലകപ്പെട്ടതാണ്. രണ്ട് ദിവസം പട്ടിണി കിടന്ന് തെരുവിലുറങ്ങി. അവിടെ നിന്നാണ് ബുധന്‍ സിംഗുള്‍പ്പെടെ 57 പേര്‍ക്ക് ആശ്രയമായി സര്‍ക്കാരെത്തിയത്.

തല ചായ്ക്കാനിടവും, ഭക്ഷണവും, ആരോഗ്യ പരിരക്ഷയും. കഞ്ചിക്കോട് SKM ഓഡിറ്റോറിയമാണ് അതിഥികളുടെ താത്ക്കാലിക വീട്. വീട്ടുകാരെ ഇനി എപ്പോള്‍ കാണാന്‍ കഴിയുമെന്ന വിഷമമുണ്ട്. എങ്കിലും സര്‍ക്കാരിന്റെ കരുതലിന് അതിഥി തൊഴിലാളികള്‍ നന്ദി പറയുന്നു.

തൊഴില്‍ വകുപ്പാണ് ഇവര്‍ക്കാവശ്യമായ സൗകര്യമൊരുക്കിയത്. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ പരിശോധിക്കാനെത്തുന്നു. മാസ്‌ക്കും സാനിറ്റൈസറുമെല്ലാം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്താകെ അതിഥി തൊഴിലാളികള്‍ക്കു മാത്രമായി 4500 ഓളം ക്യാമ്പുകളൊരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സര്‍ക്കാര്‍ തണലൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News