അതിഥി തൊഴിലാളി പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന; കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമം; വ്യാജപ്രചരണങ്ങള്‍ നടത്തിയത് സോഷ്യല്‍മീഡിയ വഴി; പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈരളി സംപ്രേഷണം ചെയ്യില്ല

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതിന്റെ പിന്നില്‍ ഗൂഢാലോചന.

ചില കേന്ദ്രങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് വ്യാജപ്രചരണങ്ങള്‍ നടത്തിയത്. ദില്ലി മാതൃകയില്‍ രംഗത്ത് വരണമെന്നായിരുന്നു സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം. സംഭവത്തില്‍ കര്‍ശനനടപടികളുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങളുടെ ഗൂഢാലോചന. അതുകൊണ്ട് തന്നെ പായിപ്പാട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് സംപ്രേഷണം ചെയ്യില്ല.

ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ഇന്ന് ചങ്ങനാശേരി പായിപ്പാട് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മണിക്കൂറുകള്‍ക്ക് ശേഷം ജില്ലാ കലക്ടറും എസ്പിയും അടക്കമുള്ള ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സംഘം പിരിഞ്ഞുപോയി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, വലഞ്ഞവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കി രാജ്യത്തിന് തന്നെ ആതിഥേയത്വത്തിന്റെ മഹനീയ മാതൃകയായ സംസ്ഥാനമാണ്് കേരളം.

സംസ്ഥാനത്താകെ അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി 4500 ഓളം ക്യാമ്പുകളൊരുക്കിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സര്‍ക്കാര്‍ തണലൊരുക്കിയത്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കത്തിന് പിന്നാലെയാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഭക്ഷണവും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെന്ന് കോട്ടയം കളക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നെന്ന് മന്ത്രി തിലോത്തമനും പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here