അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കും; അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും

തമിഴ്‌നാട് അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള അവശ്യ വസ്തുക്കളുടെ നീക്കം സുഗമമാക്കുന്നതിന് അതിര്‍ത്തികളില്‍ കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തെ നിയോഗിക്കും. മന്ത്രി കെ കൃഷ്ണന്‍കുട്ടി തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വാളയാര്‍ ഉള്‍പ്പെടെ പാലക്കാട് അതിര്‍ത്തിയിലുള്ള 7 പ്രധാന ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള അവശ്യവസ്തുക്കളുടെ നീക്കം തടസ്സമില്ലാതെ മുന്നോട്ട് പോവുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടുപ്പുണി ചെക്ക് പോസ്റ്റിലാണ് കൂടിക്കാഴ്ച നടന്നത്.

തഹസില്‍ദാര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത സംഘത്തെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടത്തി വിടും.

കേരളത്തിലുള്ള തമിഴ്‌നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
അവശ്യവസ്തുക്കള്‍ കേരളത്തിലേക്കെത്തിക്കുന്നതിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമുട്ടുമുണ്ടാവില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ജയരാമന്‍ ഉറപ്പ് നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാട് പൂര്‍ണ്ണ സഹായം നല്‍കുമെന്നറിയിച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പാലക്കാട് അതിര്‍ത്തി വഴി അവശ്യ വസ്തുക്കളുമായി ശരാശരി 800 മുതല്‍ 1000 വാഹനങ്ങള്‍ വരെ കേരളത്തിലേക്കെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News