എല്ലാവരും ഒറ്റക്കെട്ട്: ആശുപത്രി ജീവനക്കാരുമായി മന്ത്രി ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ വിഭാഗം ജീവനക്കാരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി.

എല്ലാവിഭാഗം ജീവനക്കാരുടേയും പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് പ്രചോദനമാകാനും വേണ്ടിയാണ് മന്ത്രി ചര്‍ച്ച നടത്തിയത്. കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാര്‍ പിന്തുണയറിയിച്ചു.

സ്വകാര്യ ബുദ്ധിമുട്ടുകള്‍ക്കിടയിലും തങ്ങളുടെ സേവനം കൃത്യമായി നിര്‍വഹിക്കുന്ന ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത് വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ച് നിന്ന് പൊരുതേണ്ട സമയമാണ്. ആശുപത്രികള്‍ എപ്പോഴും വൃത്തിയായിരിക്കാനും അണുബാധയുണ്ടാകാതിരിക്കാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

ചെറിയ അശ്രദ്ധ മാത്രം മതി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകാനും രോഗ വാഹകരാകാനും. അതിനുള്ള സാഹചര്യങ്ങള്‍ ആരും ഒരുക്കരുത്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ മന്ത്രിയോടൊപ്പം പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel