ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു; മധ്യപ്രദേശിലേയ്ക്ക് കാല്‍നടയായി സഞ്ചരിച്ച യുവാവ് ആഗ്രയില്‍ തളര്‍ന്ന് വീണ് മരിച്ചു

ദില്ലി: ദില്ലിയില്‍ നിന്നും അതിഥി തൊഴിലാളികളുടെ പലായനം തുടരുന്നു. പതിനായിര കണക്കിന് പേര്‍ ഇപ്പോഴും ദില്ലി അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മധ്യപ്രദേശിലേയ്ക്ക് കാല്‍നടയായി സഞ്ചരിച്ച യുവാവ് ആഗ്രയില്‍ തളര്‍ന്ന് വീണ് മരിച്ചു.

തൊഴിലാളികള്‍ക്ക് ആഹാരവും താമസസ്ഥലവും നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച്ച പറ്റിയെന്ന് ആരോപണം. അതേ സമയം പുറത്ത് ഇറങ്ങുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോറോണ പടരാന്‍ കാരണമാകുമെന്ന് മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

ദില്ലി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ആനന്ദ വിഹാര്‍ ബസ് സ്റ്റാന്‍ഡിലാണ് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടര ലക്ഷത്തിലേറെ തൊഴിലാളികള്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ ഇവിടെ എത്തി. സംഭവം വിവാദമായതോടെ രാജസ്ഥാന്‍, യുപി സര്‍ക്കാരുകള്‍ നാമമാത്രമായ ബസുകള്‍ അയച്ച് തൊഴിലാളികളെ മടക്കി കൊണ്ട് പോകാന്‍ ആരംഭിച്ചിട്ടുണ്ട്.

ഇവരെ പതിനാല് ദിവസം ക്വാറന്റയിനില്‍ താമസിപ്പിച്ച ശേഷമെ വസതികളിലേയ്ക്ക് വിടുകയുള്ളുവെന്ന് ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങള്‍ അറിയിച്ചു. ദില്ലിയില്‍ നിന്നും മധ്യപ്രദേശിലേയ്ക്ക് കാല്‍നടയായ സഞ്ചരിച്ച് യുവാവ് വഴിമധ്യ ആഗ്രയില്‍ വച്ച് തളര്‍ന്ന് വീണ് മരിച്ചു.39 വയസുകാരനായ രണ്‍വീര്‍ സിങ്ങാണ് മരിച്ചത്.3 കുട്ടികളുടെ പിതാവായ ഇയാള്‍ ദില്ലിയിലെ ഹോട്ടലില്‍ വെയറ്ററായി ജോലി ചെയ്യുകയായിരുന്നു.

മോദി ലോക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ലക്ഷകണക്കിന് തൊഴിലാളികളാണ് ദില്ലിയില്‍ നിന്നും സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്. മതിയായ താമസവും ഭക്ഷണവും ഒരുക്കാന്‍ കേജരിവാള്‍ സര്‍ക്കാരിന് കഴിയാത്തത് പ്രശ്നങ്ങള്‍ ഗുരുതരമാക്കി.അതേ സമയം വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവരെ വിമര്‍ശിച്ച് പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്തിലൂടെ മോദി രംഗത്ത് എത്തി.

കടുത്ത തീരുമാനങ്ങള്‍ ആവിശ്യമായ സമയമാണിത്.ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തംജീവന്‍ വച്ചാണ് പന്താടുന്നത്.നിരവധി പേര്‍ ഇപ്പോഴും ലോക് ഡൗണിനെ നിരാകരിക്കുന്നുവെന്നും മോദി പറഞ്ഞു. എന്നാല്‍ പാലായനം ചെയ്യുന്ന അതിഥി തൊഴിലാളികളെക്കുറിച്ച് ഒരു വാക്ക് പോലും മോദി പറഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here