പായിപ്പാട് സംഭവം; ഗൂഢാലോചന പുറത്തുകൊണ്ടുവരണം: ഡിവൈഎഫ്‌ഐ

കോട്ടയം ജില്ലയിലെ പായിപ്പാട് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ് 19നെ ചെറുക്കാന്‍ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഇന്ന് നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. ലോകത്തിന് തന്നെ മാതൃകയായാണ് വിവിധ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സങ്കീര്‍ണ്ണമായ ഘട്ടങ്ങളിലൊക്കെ ഈ സര്‍ക്കാര്‍ മികച്ച കരുതലാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

കൊറോണ വ്യാപനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ തൊഴില്‍ നഷ്ടപെട്ട അഥിതി തൊഴിലാളികളെ സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ കരുതലുകളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. 4500 ക്യാമ്പുകളാണ് സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന വ്യാപകമായി ഒരുക്കിയിരിക്കുന്നത്. ആവശ്യമായ ഭക്ഷണവും വൈദ്യസഹായങ്ങളും നല്‍കുന്നുണ്ട്.

കേരളത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട് കൂട്ടത്തോടെ അഥിതി തൊഴിലാളികള്‍ തെരുവിലിറങ്ങിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ആര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമില്ല എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തി ഇളക്കി വിടാനുള്ള ശ്രമം സര്‍ക്കാരിനെതിരെയുള്ള നീക്കമാണ്.

പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് ചിലര്‍. തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിക്കുന്ന ശക്തികളെ കേരള സമൂഹം അംഗീകരിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ അക്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here