കര്‍ണാടക അതിര്‍ത്തി വിഷയം: മുഖ്യമന്ത്രിയും അമിത് ഷായും ചര്‍ച്ച നടത്തി

കര്‍ണാടകം അതിര്‍ത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.

കാസര്‍ഗോഡ് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കന്‍ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.

കാസര്‍കോട് ജില്ലയിലെ അനേകമാളുകള്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികള്‍ക്ക് പോലും പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

തലശ്ശേരി – കൂര്‍ഗ് റോഡ് (ടി.സി. റോഡ്) കണ്ണൂര്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗമാണ്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂര്‍ ജില്ലയും കര്‍ണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണത്.

കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here