കേരളം അഭിമാനമാണ്; ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്; രോഗമുക്തനായ വെള്ളനാട് സ്വദേശിയുടെ പ്രതികരണം

“കോവിഡാണെന്ന്‌ അറിഞ്ഞതോടെ പേടിയായിരുന്നു മനസ്സിൽ. മരുന്നില്ല. ചികിത്സയങ്ങനെയെന്ന്‌ അറിയില്ല. ഒറ്റയ്‌ക്ക്‌ ഒരു മുറിയിലിരിക്കണം. പക്ഷേ, കേരളം എന്നെ അത്ഭുതപ്പെടുത്തി. ഐസൊലേഷൻ വാർഡിലായ ദിവസം ഡോക്ടർമാരെത്തി രോഗത്തിന്റെ ഗൗരവം വിശദീകരിച്ചു.

പേടിക്കേണ്ട ഞങ്ങൾ ഒപ്പമുണ്ടെന്നു പറഞ്ഞു. രണ്ടു ദിവസംകൊണ്ട്‌ പേടി മാറി’… കോവിഡ്‌ രോഗം ഭേദമായ വെള്ളനാട്‌ സ്വദേശിയുടെ വാക്കുകളിൽ അഭിമാനവും സർക്കാരിനോടുള്ള കടപ്പാടും. ഒപ്പം, ചികിത്സിച്ച ഡോക്ടർമാരോടും നേഴ്‌സുമാർ അടക്കമുള്ളവരോടുമുള്ള നന്ദിയും.

നല്ല ഭക്ഷണമാണ്‌ തന്നത്‌. ഒറ്റയ്‌ക്ക്‌ ഇരിക്കുന്ന ചെറിയ വിഷമംമാത്രമാണുണ്ടായത്‌. വായിക്കാൻ കുറച്ച്‌ പുസ്‌തകം വേണമെന്ന്‌ പറഞ്ഞു. അന്നുതന്നെ പുസ്‌തകമെത്തിച്ചു. ഫലം നെഗറ്റീവായ വിവരം ഡോക്ടർമാരാണ്‌ അറിയിച്ചത്‌.

ഒരുപാട്‌ സന്തോഷം തോന്നിയ നിമിഷം. നമ്മുടെ നാട്‌ ഒരുപാട്‌ മുമ്പിലാണ്‌–- അദ്ദേഹം പറഞ്ഞു. ‘ഇറ്റലിയിൽനിന്നാണ്‌ നാട്ടിലെത്തിയത്‌. അവിടെ 15 ദിവസം ആശുപത്രിയിൽ കിടന്നാൽ എത്ര രൂപയാകുമെന്ന്‌ അറിയില്ല. നമ്മുടെ കേരളത്തിൽ മരുന്നും ഭക്ഷണവും ചികിത്സയും എല്ലാം സൗജന്യം.

ലോകരാജ്യങ്ങളേക്കാൾ മുമ്പിലാണ്‌ കേരളത്തിന്റെ ആരോഗ്യരംഗം. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ , ആശാവർക്കർ, ഡോക്ടർമാർ, നേഴ്‌സുമാർ… എല്ലാവർക്കും ഒരുപാട്‌ നന്ദി.’

എ സുൽഫിക്കർ

രോഗവിമുക്തനായാലും 15 ദിവസം ക്വാറന്റൈയിനിൽ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ച്‌ വെള്ളനാട്ടിലെ വീട്ടിൽ നിരീക്ഷണത്തിലാണ്‌ ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here