പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയെന്ന് പ്രാഥമിക നിഗമനം; ഭക്ഷണമായിരുന്നില്ല പ്രധാന പ്രശ്‌നമെന്ന് കോട്ടയം എസ്പി; 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്.

ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും  എസ്പി പറഞ്ഞു.

അതേസമയം, പായിപ്പാട് സംഭവത്തില്‍ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ 2000 അതിഥി തൊഴിലാളികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാളാണ് പ്രദേശികമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ തയ്യാറായതെന്നും പ്രതിഷേധം നടക്കുന്നതിന് മുന്നെ ചില മാധ്യമ പ്രവര്‍ത്തകരുമായി ഇയാള്‍ സംസാരിച്ചിട്ടുണ്ടെന്നുമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് ആകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് ശിക്ഷാര്‍ഹമാണ്. അവശ്യ സേവനങ്ങളെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണ് നടന്നതെന്നും അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൊറോണ വ്യാപനം തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവരെ താമസിപ്പിക്കാനും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പായിപ്പാട്ട് കൂട്ടത്തോടെ അതിഥിതൊഴിലാളികള്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ടെന്നും അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News