കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം; ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രാജസേനന്‍. ‘അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നുമാണ്’ രാജസേനന്‍ പറയുന്നത്.

രാജസേനനന്റെ വാക്കുകള്‍:

മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടിനുള്ളില്‍ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആള്‍ക്കാര്‍ ഇന്നലെ പായിപ്പാട്ട് ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്.

അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ ഇന്നലെ പെട്ടന്ന് ചില ചാനലുകള്‍ എല്ലാം ഇവരെ അതിഥി തൊഴിലാളികള്‍ ആക്കി. അതിഥി എന്ന വാക്കിന്റെ അര്‍ഥം അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരൊന്നൊക്കെയാണ്.

അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? ഇവരെ മറ്റു ചിലകാര്യങ്ങള്‍ക്കു വേണ്ടി നമ്മുടെ നാട്ടിലെ ചിലര്‍ ഉപയോഗിക്കുന്നോ എന്ന് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവര്‍ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്, ഇത്രയും ജാഗ്രതയോടെ ഒരു വൃതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇന്നലെ ഇവരുടെ കോപ്രായങ്ങള്‍. അപ്പോള്‍ അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല, മറ്റെന്തോ ആണ്.

ഒരു പത്തുവര്‍ഷം മുമ്പ് നമ്മുടെ നാട്ടിലെ ഏത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചാലും നമുക്ക് ഒരസുഖവും വരില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയെല്ല. ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോടു കൂടി ഹോട്ടലിന്റെ അന്തരീക്ഷം വൃത്തിഹീനമായി മാറി എന്ന് പറയാം. കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം മതി. ഇവര്‍ നിന്നോളും. നമ്മള്‍ ആലോചിക്കേണ്ടത് ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്, അത് മറക്കരുത്.

എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരപേക്ഷ ഉണ്ട്. ദയവായി അങ്ങ് ഇവരെ ഇവിടെ നിന്നു പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. ദയവായി വീണ്ടും അപേക്ഷിക്കുകയാണ്.

ഞാന്‍ വീണ്ടും പറയുകയാണ്. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം.

അതേസമയം, രാജസേനന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. രാജസേനനെ പോലെയുള്ള സംഘികള്‍ക്ക് മാത്രമേ, ഈ സമയത്ത് ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയൂയെന്നും അതിഥി തൊഴിലാളികള്‍ക്ക് മുന്‍പ് ഇവരെ പോലെയുള്ളവരെയാണ് നാട്ടില്‍ നിന്ന് ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News