87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഒന്നാം തീയതി മുതല്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണമെന്ന് മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി തിലോത്തമന്‍.

കേരളത്തിന് ആവശ്യമായ ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വരുന്ന 2 മാസത്തേക്കുള്ളതും സമയബന്ധിതമായി സംഭരിക്കും.

കേന്ദ്ര തീരുമാനപ്രകാരം മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള അധിക ധാന്യവും സംഭരിക്കും. 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് കുറഞ്ഞത് വെല്ലുവിളിയാണ്. എന്നാല്‍ അത് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാരിക്കും പൊതുവിതരണ കേന്ദ്രങ്ങളിലെ റേഷന്‍ വിതരണം. ഒരേ സമയം 5 പേര്‍ മാത്രം റേഷന്‍ കടയില്‍ എത്തണം.

സാമൂഹ്യ അകലം പാലിക്കണം. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്ക് രാവിലെ റേഷന്‍ വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് മുന്‍ഗണന ഇതര വിഭാഗത്തിന് റേഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ 20ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണം പൂര്‍ത്തിയാക്കണം. അതിനു ശേഷം കേന്ദ്രം പ്രഖ്യാപിച്ച അരി വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങണം. കള്ള സത്യവാങ്ങ്മൂലം നല്‍കി റേഷന്‍ വാങ്ങിയാല്‍ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാറിന് ബാധ്യത 120 കോടിയാണ്. സൗജന്യ കിറ്റ് വിതരണം 750 കോടി ബാധ്യതയും ഉണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here