സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഉത്തരവ്; കര്‍ശന വ്യവസ്ഥകള്‍, ലംഘിച്ചാല്‍ അറസ്റ്റ്

കൊച്ചി: ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളായ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാരെയും ജയില്‍ മോചിതരാക്കാന്‍ ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവിട്ടു.

എപ്രില്‍ 30 വരെയോ ലോക് ഡൗണ്‍ അവസാനിക്കും വരെയോ താല്‍ക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയില്‍ മോചിതരാക്കാന്‍ ജസ്റ്റിസ് മാരായ സി.കെ.അബ്ദുള്‍ റഹീം, സി.റ്റി.രവികുമാര്‍, രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഫുള്‍ ബഞ്ച് ഉത്തരവിട്ടത്.

സ്ഥിരം കുറ്റവാളികള്‍, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍, ഒന്നിലേറെ കേസുകളില്‍ റിമാന്‍ഡിലുള്ളവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടുമാര്‍ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത് ‘ താമസ സ്ഥലവും മറ്റും പ്രതികള്‍ വ്യക്തമാക്കണം. ജയില്‍ മോചിതരായാല്‍ ഉടന്‍ താമസസ്ഥലത്തിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. യാത്ര ചെയ്യാനോ പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. വ്യവസ്ഥകള്‍ ലംലിച്ചാല്‍ പോലിസിന് അറസ്റ്റ് ചെയ്യാം.

കാലാവധി കഴിയുന്നോള്‍ വിചാരണ കോടതി മുമ്പാകെ ഹാജരാവണം. വിചാരണ കോടതിക്ക് തുടര്‍ന്ന് ജാമ്യം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാം. അടിയന്തിര സ്വാഭാവമുള്ള ജാമ്യാപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാ കോടതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം അഭിഭാഷകര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും കോടതി നടപടികളില്‍ പങ്കെടുക്കാം. അടിയന്തിര കേസുകള്‍ ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും.

സംസ്ഥാനത്തെ മുഴുവന്‍ കോടതികളും അടച്ചിടാന്‍ ഫുള്‍ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്താണ് തിങ്കളാഴ്ചത്തെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel