പായിപ്പാട്ടെ പ്രതിഷേധം; ആസൂത്രിത ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി; പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചു; കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ച് കാണിക്കാനുള്ള നീക്കം

തിരുവനന്തപുരം: പായ്പ്പാട്ടെ അതിഥി തൊഴിലാളികളുടെ സമരത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗൂഢാലോചന കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ച് കാണിക്കാനുള്ള നീക്കമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചതായാണ് പ്രാഥമികമായി കാണാന്‍ സാധിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, വൈദ്യസഹായം എല്ലാം ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവരുടെ ഭക്ഷണം അവര്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സാധിച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലേക്കുള്ള അവരുടെ യാത്ര ഇപ്പോള്‍ നടക്കില്ല. ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യമാകെ നടപ്പാക്കേണ്ട രീതി പ്രധാനമന്ത്രിയും കേന്ദ്രവും പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഭാഗമായി നില്‍ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്.

അറിയാവുന്ന കാര്യങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള കൂടിച്ചേരലാണ് അവിടെ നടന്നത്. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത് അവരോട് ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തി സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പുകളുടെ പൊതുമേല്‍നോട്ടം കളക്ടര്‍ വഹിക്കും. ജില്ലാ പൊലീസ് മേധാവിയും ലേബര്‍ ഓഫീസറും അടക്കമുള്ള സമിതി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാര്‍ഡുകളെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടുകള്‍ ഇവര്‍ വിശദീകരിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഹോം ഗാര്‍ഡുകള്‍ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News