കൊറോണ: കാസര്‍ഗോഡ് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും

കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ ജനങ്ങങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഐ ജി വിജയ് സാഖറെ അറിയിച്ചു.

പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും. ഇതിനായി 94 97935780 എന്ന വാട്സ് അപ്പ് നമ്പറിലേക്ക് ആവശ്യക്കാര്‍ സന്ദേശമയച്ചാല്‍ പോലീസ് നേരിട്ട് അവരുടെ ആവശ്യങ്ങള്‍ വീട്ടിലെത്തിക്കും.

പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്നും ഐ ജി പറഞ്ഞു. ജില്ലയിലെ വയോജനങ്ങള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും അവര്‍ക്ക് ആവശ്യമായ സാധനങ്ങളും മരുന്നും മറ്റു സേവനങ്ങള്‍ക്കും പോലീസിന്റെ ഈ സേവനം ഉപയോഗിക്കാം.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും നിയന്ത്രണം

വാഹനങ്ങളില്‍ കുറേ ആളുകള്‍ ഒന്നിച്ച് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ മാത്രവും ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രവുമേ പോകാന്‍ അനുവദിക്കു. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍ നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടാമായി പോകുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി അത്തരം പ്രവണത കണ്ടാല്‍ അവര്‍ക്കെതിരെയും കര്‍ശന നിയമനടപടിയെടുക്കുമെന്നും ഐജി അറിയിച്ചു. കോഴിക്കോട് സോണല്‍ ഐജി അശോക് യാദവ്,ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ടെലികമ്മ്യൂണിക്കേഷന്‍ എസ് പി ഡി ശില്‍പ എന്നിവരും ഐജിക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News