കൊറോണ: നിസാമുദ്ദീനിലെ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ മരിച്ചു; 200 പേര്‍ നിരീക്ഷണത്തില്‍; പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം പങ്കെടുത്തത് 1500ഓളം പേര്‍; ദില്ലിയില്‍ ആശങ്ക, കനത്ത ജാഗ്രത

ദില്ലി: നിസാമുദ്ദീനിലെ മുസ്ലീം പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചു. പരിപാടിയില്‍ പങ്കെടുത്ത് ശേഷം തിരികെ നാട്ടിലെത്തിയവരാണ് മരിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നിസാമുദ്ദീന്‍ ദര്‍ഗയ്ക്ക് സമീപത്തെ മര്‍ക്കസ് പള്ളിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് രണ്ടാം വാരമാണ് നിസാമുദ്ദീനിലെ പള്ളിയില്‍ ചടങ്ങ് നടന്നത്.

പരിപാടിയില്‍ പങ്കെടുത്തവരില്‍ തിരിച്ചറിഞ്ഞ ഇരുന്നുറോളം പേരെ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. ദില്ലിയിലെ ലോക് നായക് ആശുപത്രിയിലാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 163 പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ശ്രീനഗറില്‍ കൊറോണ ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ദില്ലിയില്‍ നിന്ന് കശ്മിരിലേക്ക് മടങ്ങും മുമ്പ് ഉത്തര്‍പ്രദേശിലെ ദിയോബന്ദ് മതപഠനകേന്ദ്രവും സന്ദര്‍ശിച്ചു.

സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഈ പരിപാടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 1500 ഓളം പേര്‍ പങ്കെടുത്തിരുന്നു. ആന്ധ്രയിലെ ഗുണ്ടൂരില്‍ രോഗം സ്ഥിരീകരിച്ചയാളും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ആറുപേരും ഈ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പോര്‍ട്ട് ബ്ലെയറില്‍ മടങ്ങിയെത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത പലരും ദിവസങ്ങളോളം പള്ളിയിലും ആയിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്ന നിസാമുദ്ദീന്‍ മേഖലയിലും താമസിച്ചു. ഇവര്‍ എവിടൊക്കെ സന്ദര്‍ശിച്ചെന്നതും വ്യക്തമല്ല.

അതേസമയം, പരിപാടി സംഘടിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശമാകെ ബാരിക്കേഡ് വെച്ച് തടയുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് അനുമതിയില്ലാതെ സമ്മേളനം നടത്തിയതിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News