കൊറോണ: രാജ്യത്ത് അഞ്ച് മരണം കൂടി; രാജ്യത്താകെ 32 പേര്‍ മരിച്ചു; രോഗം ബാധിച്ചത് 1251 പേര്‍ക്ക്; 102 പേര്‍ രോഗമുക്തരായി

ദില്ലി: രാജ്യത്ത്‌ തിങ്കളാഴ്‌ച കോവിഡ്‌ ബാധിച്ച്‌ അഞ്ച്‌ പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട്‌ പേരും ഗുജറാത്ത്‌, ബംഗാൾ, പഞ്ചാബ്‌ എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ്‌ മരിച്ചത്‌.

മധ്യപ്രദേശിലെ ഉജ്ജയ്‌നിയിൽ വെള്ളിയാഴ്‌ച മരിച്ച മുപ്പത്തെട്ടുകാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ മരണം 32 ആയി. 1251 പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇവരിൽ 102 പേർ അതിജീവിച്ചു.

പുണെയിൽ അമ്പത്തിരണ്ടുകാരനും മുംബൈയിൽ എൺപതുകാരനുമാണ്‌ മരിച്ചത്‌. മഹാരാഷ്ട്രയിൽ മരണം പത്തായി. പഞ്ചാബിലെ ലുധിയാനയിൽ 42കാരിയാണ്‌ മരിച്ചത്‌.

സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്‌. ഗുജറാത്തിൽ ചികിത്സയിലുണ്ടായിരുന്ന നാൽപ്പത്തഞ്ചുകാരനും പശ്ചിമ ബംഗാളിൽ കാളിംപോങിൽ നാൽപ്പത്തിനാലുകാരിയും മരിച്ചു.

ലോകത്ത്‌ മരണം 37000 കടന്നു

ലോകത്താകെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുത്തു. മരണസംഖ്യ 37000 കടന്നു. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമായി. 565 പേരാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് മരിച്ചത്. ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ സ്‌പെയിനും(87956) ചൈനയെ മറികടന്നു. ഇറ്റലിയിൽ മരണസംഖ്യ 11591 ആയി. 812 പേരാണ് ഇവിടെ ഒറ്റ ദിവസംകൊണ്ട് മരിച്ചത്യ

സ്‌പെയിനിൽ 913 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ 7716. ചൈനയിൽ നാല്‌ പേർ കൂടി മരിച്ചു. മരണസംഖ്യ 3304. ഇറാനിൽ 117 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 2757. ഇവിടെ രോഗം ബാധിച്ചത്‌ 41495 പേർക്ക്‌.

സഹായിക്ക്‌ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിരീക്ഷണത്തിലായി. ബ്രിട്ടനിലെ ചാൾസ്‌ രാജകുമാരൻ രോഗമുക്തനായി. രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ സഹായിക്കും ലക്ഷണങ്ങൾ കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News