സ്ത്രീകളെയും കുട്ടികളെയും തെരുവില്‍ ഇരുത്തി അണുനാശിനി തളിച്ചു; ശുദ്ധീകരണത്തിന്റെ യുപി മാതൃക

ദില്ലി: ദില്ലിയിൽനിന്ന്‌ ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത്‌ അണുനാശിനി തളിച്ചു. അണുവിമുക്തമാക്കാനെന്ന പേരിലാണ്‌ പൊലീസിന്റെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ഹാനികരമായ രാസവസ്‌തുക്കൾ കലർത്തിയ വെള്ളം തളിച്ചത്‌.

ലഖ്‌നൗവിൽനിന്ന്‌ 270 കിലോമീറ്റർ അകലെ ബറേലിയിലാണ്‌ അത്യന്തം മനുഷ്യത്വഹീനമായ നടപടി. സ്‌ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ പൊതുനിരത്തിൽ ഇരുത്തി പൈപ്പിലൂടെ രാസലായനി ചീറ്റി കുളിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളാണ്‌ പുറത്തുവിട്ടത്‌.

ആളുകളോട്‌ കണ്ണുപൂട്ടാൻ പൊലീസുകാർ നിർദേശിക്കുന്നത്‌ വീഡിയോയിൽ കേൾക്കാം. പൊലീസുകാർ ചുറ്റുംനിന്ന്‌ എല്ലാ തൊഴിലാളികളുടെയൂം ശരീരത്തിൽ വെള്ളം ചീറ്റുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നുമുണ്ട്.

അതിർത്തിയിൽനിന്ന്‌ പ്രത്യേക ബസുകളിൽ എത്തിയവരാണ്‌ ‘ശുദ്ധീകരണപ്രക്രിയക്ക്‌’ വിധേയരായത്‌. വിവാദമായപ്പോൾ ക്ലോറിൻ കലർത്തിയ വെള്ളമാണ്‌ ഉപയോഗിച്ചതെന്ന്‌ പൊലീസ്‌ വിശദീകരിച്ചു.

പ്രതിഷേധം ശക്തമായതോടെ അന്വേഷണം നടത്തുമെന്ന്‌ ജില്ലാ കലക്ടർ പറഞ്ഞു. മനുഷ്യശരീരത്തിൽ പ്രയോഗിച്ചുകൂടാത്ത രാസവസ്‌തുക്കൾ ഉപയോഗിച്ചതായി ജില്ലാ ഫയർ ഓഫീസര്‍ സമ്മതിച്ചു.

ലജ്ജാകരം: യെച്ചൂരി

പാവപ്പെട്ടവർക്കും ദുർബലർക്കും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾപോലും യുപി സർക്കാർ നിഷേധിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ബറേലിയിൽ നടന്നത്‌ അങ്ങേയറ്റം ലജ്ജാകരമാണെന്ന്‌ യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. മനുഷ്യത്വവിരുദ്ധമായ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ ചെയ്‌തു. തൊഴിലാളികളോടും കുടുംബാംഗങ്ങളോടും പൊലീസ്‌ ക്രൂരമായാണ്‌ പെരുമാറിയതെന്ന്‌ ബിഎസ്‌പി അധ്യക്ഷ മായാവതി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News