സൗജന്യ റേഷൻ നാളെ മുതൽ ; 87 ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌

കൊറോണ നിയന്ത്രണത്തെതുടർന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ബുധനാഴ്‌ച ആരംഭിക്കുമെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 20നകം വിതരണം പൂർത്തിയാക്കും.

തുടർന്ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യധാന്യം വിതരണംചെയ്യും. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ നൽകും.

ഇതിന്റെ വിതരണവും ഏപ്രിൽ ആദ്യ ആഴ്‌ച ആരംഭിക്കും. എഎവൈ കാർഡുടമകൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ട്രാൻസ്‌ജൻഡർ വിഭാഗങ്ങൾക്കുമാണ്‌ ആദ്യം കിറ്റ്‌ നൽകുക.

തിരക്കൊഴിവാക്കാൻ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമായി വിതരണം ക്രമീകരിച്ചിട്ടുണ്ട്‌. ഒരു സമയം അഞ്ചുപേരിൽ കൂടുതൽ റേഷൻകടയ്‌ക്കു മുന്നിൽ നിൽക്കാൻ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

എല്ലാ റേഷൻ കടകളിലും മാസ്‌കുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌. റേഷൻകടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക്‌ സന്നദ്ധ പ്രവർത്തകർവഴി വീടുകളിലെത്തിക്കും. സപ്ലൈകോയുടെ 56 ഡിപ്പോയുടെ കീഴിൽ ഭക്ഷ്യധാന്യ കിറ്റ്‌ തയ്യാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.

കാർഡില്ലാത്തവർക്കും സൗജന്യ അരി

റേഷൻ കാർഡില്ലാത്തവർക്ക്‌ സൗജന്യ അരി ലഭിക്കാൻ കുടുംബത്തിലെ മുതിർന്നയാൾ അംഗങ്ങളുടെ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻവ്യാപാരിക്ക്‌ നൽകണം.

കേന്ദ്രം കൈമലർത്തി

അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ 74,000 മെട്രിക്‌ ടൺ അരി സൗജന്യമായി അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളിയതായി മന്ത്രി പറഞ്ഞു.

സംസ്ഥാനം ചെലവിടുന്നത്‌ 886 കോടി

സൗജന്യ ധാന്യവിതരണത്തിനും സൗജന്യ കിറ്റ്‌ നൽകാനും 886 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സൗജന്യ അരിവിതരണത്തിന്‌ 130 കോടിയും സൗജന്യ കിറ്റ്‌ വിതരണത്തിന്‌ 756 കോടി രൂപയും ചെലവ്‌ കണക്കാക്കുന്നു.

സൗജന്യ കിറ്റ്‌ ആവശ്യമില്ലെങ്കിൽ അറിയിക്കാം

സൗജന്യ ഭക്ഷ്യധാന്യകിറ്റ്‌ ആവശ്യമില്ലെന്ന്‌ സ്വയം വെളിപ്പെടുത്തുന്നവരെയും നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും സൗജന്യ കിറ്റിൽനിന്ന്‌ ഒഴിവാക്കും.

കേന്ദ്ര സൗജന്യ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമാണു ലഭിക്കുക. അഞ്ചു കിലോ ഭക്ഷ്യധാന്യമാണ്‌ കേന്ദ്രം പ്രഖ്യാപിച്ചത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here