കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്നത് 188 ആയി ഉയർന്നു.

10 ലക്ഷത്തിൽ 75 പേർക്ക് കൂടുതലായി ടെസ്റ്റ് നടത്തുന്നു. അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയുടെ ടെസ്റ്റുകളുടെ വർധനവുമായി താരതമ്യം ചെയ്യുമ്പോൾ നാലര ഇരട്ടി വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.

ഈ മാസം ഇരുപത്തി രണ്ടാം തീയതിയിലെയും മുപ്പതാം തീയതിയിലെയും കൊറോണ ടെസ്റ്റുമായി ബന്ധപ്പെട്ട കണക്കുകളാണ് ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായെന്ന് വ്യക്തതമാക്കുന്നത്.

മാർച്ച് ഇരുപത്തി രണ്ടിന് കേരളത്തിലെ 10 ലക്ഷം പേരിൽ 113 പേരെ കൊറോണ ടെസ്റ്റിന് വിധേയമാക്കുന്നുവെന്നായിരുന്നു കണക്ക്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഈ കണക്ക് മാറി. 10 ലക്ഷത്തിൽ 188 ആളുകൾ എന്ന തോതിലാണ് സംസ്ഥാനത്ത് ഇപ്പോൾ കൊറോണ പരിശോധന നടത്തുന്നത്.

അതായത് 10 ലക്ഷം ആളുകളിൽ 75 പേരെ അധികമായി കൊറോണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. കൊറോണ ടെസ്റ്റിംഗ് സൗകര്യങ്ങൾ രാജ്യത്ത് പരിമിതമാണ് എന്നിരിക്കെയാണ് ചുരുങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് കേരളം കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ കൂടി പരിശോധിക്കുമ്പോഴാണ് കേരളം ഒരാഴ്ചയ്ക്കിടെയുണ്ടാക്കിയ മുന്നേറ്റം വ്യക്തമാകുന്നത്. കേരളത്തെ കൂടാതെ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച പത്ത് ലക്ഷത്തിൽ 13 പേർ എന്ന തോതിലാണ് ടെസ്റ്റ് നടത്തിയത്.

ഇപ്പോൾ ഇത് 29 ആയി ഉയർന്നു. 16 പേരെ മാത്രം അധികം ടെസ്റ്റ് ചെയ്യുന്നു. മഹാരാഷ്ട്രയുടെ ടെസ്റ്റുകളുടെ വർധനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വർധനവ് നാലര ഇരട്ടി. കേരളം കഴിഞ്ഞാൽ കർണാടകയാണ് ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കിയ മറ്റൊരു പ്രമുഖ സംസ്ഥാനം.

പത്ത് ലക്ഷത്തിൽ 20 എന്നത് 47 ആയി വർധിച്ചു. ഇത് കേരളത്തിന്റെ വർധനവിന്റെ മുന്നിൽ ഒന്നിനടുത്ത് മാത്രം. കൂടുതൽ കൊറോണ ടെസ്റ്റ് നടക്കുന്നത് മൂലമാണ് സംസ്ഥാനത്ത് കൊറോണ രോഗികൾ വർധിക്കുന്നതെന്ന് ഒരിക്കൽ കൂടി ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News