സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ്; നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും ഷെയര്‍ ചെയ്തു; പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

പാലക്കാട്: സമൂഹമാധ്യമത്തില്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുമായി പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥന്‍. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസാണ് അച്ചടക്ക ലംഘനം നടത്തുന്നത്. നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ കേരളത്തില്‍.. കേരളം നമ്പര്‍.. 1, കൊറോണ വീണ്ടും വന്നത് പിണറായി സര്‍ക്കാരിന്റെ വീഴ്ച കൊണ്ട്.. ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസിന്റെ പോസ്റ്റുകളാണിത്. രവിദാസിന്റെ ഫേസ്ബുക്കിലുടനീളം സര്‍ക്കാരിനെതിരായ പോസ്റ്റുകളാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോഴാണ് അതിനൊപ്പം നില്‍ക്കേണ്ട പോലീസുദ്യോഗസ്ഥന്‍ നിരന്തരം സമൂഹ മാധ്യമത്തില്‍ സര്‍ക്കാരിനെ അപഹസിക്കുന്നത്. ലോക്ക് ഡൗണില്‍ രാപ്പകല്‍ തെരുവില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് തന്നെ അപമാനമാണ് ഈ പോലീസുദ്യോഗസ്ഥന്റെ പ്രവര്‍ത്തിയെന്ന് സേനക്കകത്ത് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന രവി ദാസിന്റെ ഫേസ്ബുക്ക് പേജില്‍ സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കുന്ന നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും, വാര്‍ത്തകളും കാണാം. അച്ചടക്ക ലംഘനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് സേനക്കകത്ത് നിന്ന് തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News