സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍; അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവിലോ കടയ്ക്ക് മുന്നിലോ പാടില്ല

തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നുമുതല്‍.

ഒരേസമയം അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവിലോ കടയ്ക്കു മുന്നിലോ പാടില്ല. റേഷന്‍ വാങ്ങുന്നതിന് കാര്‍ഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും റേഷന്‍ നല്‍കും. ഞായറാഴ്ചയും റേഷന്‍ കട പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാം. ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാണ് റേഷന്‍ വിതരണം.

കടകളില്‍ എത്തുന്നവര്‍ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച് കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവര്‍ കടകളില്‍ വരരുതെന്നും നിര്‍ദേശമുണ്ട്.

നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കുള്ള റേഷന്‍ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. കാര്‍ഡില്ലാത്തവര്‍ ആധാര്‍ നമ്പരും ഫോണ്‍ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്‍കണം. മറ്റൊരിടത്തും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്കുമാത്രമാണ് ഈ സൗകര്യം ലഭിക്കുക.

കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാവിഭാഗത്തിന് പ്രഖ്യാപിച്ച അഞ്ച് കിലോ അരിയുടെ വിതരണവും ഏപ്രിലില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.റേഷന്‍ കടകളില്‍ തിരക്ക് കൂട്ടാതിരിക്കാന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭിക്കുന്ന റേഷന്‍

മഞ്ഞ (എഎവൈ) കാര്‍ഡ്- 35 കിലോ
പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഒരാള്‍ക്ക് അഞ്ച് കിലോവീതം
നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ

വിതരണം ഇങ്ങനെ

മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡുടമകള്‍- പകല്‍ ഒമ്പതുമുതല്‍ ഒന്നുവരെ
നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുടമകള്‍- പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ

സൗജന്യ റേഷന്‍ വാങ്ങാം അവസാന നമ്പര്‍ ക്രമത്തില്‍

ബുധനാഴ്ച – 0, 1
വ്യാഴാഴ്ച- 2, 3
വെള്ളിയാഴ്ച- 4, 5
ശനിയാഴ്ച 6, 7
ഞായറാഴ്ച- 8, 9

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News