കൊറോണയില്‍ ലോകം ആശങ്കയില്‍; മരിച്ചവരുടെ എണ്ണം 42,000 കടന്നു; രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 8,58,371 ആണ്.

അതേസമയം, അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 3889 ആയി. രോഗബാധിതരുടെ എണ്ണം 1,88,524 ആയി ഉയര്‍ന്നു.

ഇറ്റലിയില്‍ 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണം 8,464 ആയി. ഫ്രാന്‍സില്‍ 3,523 പേരും, ചൈനയില്‍ 3,305 പേരും ഇറാനില്‍ 2,898 പേരും മരിച്ചു. ബ്രിട്ടനില്‍ 1,789 പേരും മരിച്ചു.

രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടമായി നിസാമുദ്ദീന്‍

രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായി ദില്ലി നിസാമുദ്ദീന്‍ മാറി. ഈ മാസം ആദ്യം തബ് ലീഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളില്‍ പങ്കെടുത്ത പത്തുപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു.

പങ്കെടുത്ത നിരവധി പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. 16 വിദേശരാജ്യത്തുനിന്നും കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. മാര്‍ച്ച് 9-10നും 13-14നും 17, 18,-19നും മൂന്ന് തവണയാണ് കൂടിച്ചേരലുണ്ടായത്.

കേരളത്തില്‍ നിന്ന് 45 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പങ്കെടുത്ത അഞ്ച് പേരും ആലപ്പുഴയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കത്തിലുള്ളവരും ഉള്‍പ്പെടെ 25 പേരും നിരീക്ഷണത്തിലാണ്.

മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. പരിശോധന നടത്തിയ 30 പേരില്‍ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍നിന്ന് ഏകദേശം 1500 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍മാത്രം 82 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ചൊവ്വാഴ്ച തമിഴ്നാട്ടില്‍ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മതസമ്മേളനത്തില്‍ തെലങ്കാനയില്‍നിന്ന് ഏകദേശം 1000 പേര്‍ പങ്കെടുത്തു. ഇവരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ തിങ്കളാഴ്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here