കൊറോണ: അമേരിക്കയില്‍ മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി മരിച്ചു. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ആണ് മരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 3889 ആയി. രോഗബാധിതരുടെ എണ്ണം 1,88,524 ആയി ഉയര്‍ന്നു.

അതേസമയം, ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 8,58,371 ആണ്.

ഇറ്റലിയില്‍ 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണം 8,464 ആയി. ഫ്രാന്‍സില്‍ 3,523 പേരും, ചൈനയില്‍ 3,305 പേരും ഇറാനില്‍ 2,898 പേരും മരിച്ചു. ബ്രിട്ടനില്‍ 1,789 പേരും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here