തിരുവനന്തപുരം: കാസര്‍കോട്, പത്തനംതിട്ട ജില്ലകളടക്കം കോവിഡ് ബാധ തീവ്രമാകാനിടയുള്ള രാജ്യത്തെ 10 ‘ഹോട്ട്സ്പോട്ടു’കളില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം.
കേരളത്തിലെ രണ്ട് ജില്ലകള്‍ക്ക് പുറമെ ദില്ലിയിലെ നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ഉത്തര്‍പ്രദേശിലെ നോയിഡ, മീറത്ത്, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പുനെ, രാജസ്ഥാനിലെ ഭില്‍വാര എന്നീ സ്ഥലങ്ങളാണ് ഹോട്ട്സ്പോട്ടായി നിര്‍ദേശിച്ചത്.
വിദേശത്തുനിന്ന് മടങ്ങിയ നിരവധിയാളുകളുള്ള സ്ഥലമെന്ന നിലയിലാണ് പത്തനംതിട്ട പരിഗണിക്കുന്നത്. ഗള്‍ഫില്‍നിന്ന് എത്തിയവര്‍ ധാരാളമുള്ള സ്ഥലമെന്ന നിലയിലും വലിയതോതില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനാലുമാണ് കാസര്‍കോടിനെ ഉള്‍പ്പെടുത്തിയത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി മരിച്ചു. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 3889 ആയി. രോഗബാധിതരുടെ എണ്ണം 1,88,524 ആയി ഉയര്‍ന്നു.
ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 8,58,371 ആണ്.
ഇറ്റലിയില്‍ 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണം 8,464 ആയി. ഫ്രാന്‍സില്‍ 3,523 പേരും, ചൈനയില്‍ 3,305 പേരും ഇറാനില്‍ 2,898 പേരും മരിച്ചു. ബ്രിട്ടനില്‍ 1,789 പേരും മരിച്ചു.
Get real time update about this post categories directly on your device, subscribe now.