കൊറോണ: പൃഥ്വിരാജും ബ്ലസിയും കുടുങ്ങി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗസംഘം ജോര്‍ദ്ദാനില്‍ കുടുങ്ങി.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചതോടെയാണ് സംഘം കുടുങ്ങിയത്.

ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തിയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗസംഘമാണ് കുടുങ്ങിയത്. സഹായം ആവശ്യപ്പെട്ട് ഫിലിം ചേംബറിന് ബ്ലസി ഇ മെയില്‍ അയയ്ക്കുകയായിരുന്നു. ജോര്‍ദ്ദാനിലെ വാദി റൂം എന്ന മരുഭൂമി മേഖലയില്‍ കഴിയുന്ന തങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ ഭക്ഷണവും കുടിവെളളവും ലഭിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

മാത്രമല്ല, വിസ കാലാവധിയും ഈ മാസം എട്ടിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഉടന്‍ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം. ഫിലിം ചേംബര്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതും 58 പേരടങ്ങുന്ന സംഘത്തെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതും ശ്രമകരമാണ്. അങ്ങനെയെങ്കില്‍ സുരക്ഷിത മേഖലയിലേക്ക് ഇവരെ മാറ്റുന്ന കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം.

ഒരു മാസം മുമ്പാണ് സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും എത്തിയത്. മരുഭൂമിയിലെ തീര്‍ത്തും വിജനമായ പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് കോവിഡ് വ്യാപനമുണ്ടായതും ജോര്‍ദ്ദാനും ലോക്ക് ഡൗണിലേക്ക് നീങ്ങിയത്. നാല് ദിവസം മുമ്പ് തന്നെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഇതോടെ സംഘം പൂര്‍ണമായും മണലാരണ്യത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിനാല്‍ അവശ്യ വസ്തുക്കളടക്കം കിട്ടുന്നതിന് വരുംദിവസങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയിലാണ് സിനിമാ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here