നിസാമുദ്ദീനിലെ സമ്മേളനത്തിനെത്തിയ 128 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 2,137 പേര്‍ നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് 399 പേര്‍, 71 പേരെ തിരിച്ചറിഞ്ഞു

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

പരിപാടിയില്‍ പങ്കെടുത്ത 2137 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 399 പേരാണ്. ഇവരില്‍ തിരിച്ചറിഞ്ഞവരുടെ എണ്ണം 71 ആയി.

18 മലപ്പുറം സ്വദേശികളെയും 14 പത്തനംതിട്ട സ്വദേശികളെയും കൊല്ലം ജില്ലയില്‍ 11 പേരെയും പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ 8 പേരെ വീതവും തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തും ഇടുക്കിയിലും 5 പേരെ വീതവും കോഴിക്കോട് 2 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. മലപ്പുറത്തു നിന്നു മതസമ്മേളനത്തില്‍ പങ്കെടുത്ത ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇതോടെ, രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായി നിസാമുദ്ദീന്‍ മാറിയിരിക്കുകയാണ്. ഈ മാസം ആദ്യം തബ് ലീഗ് മസ്ജിദില്‍ നടന്ന മതസമ്മേളനങ്ങളില്‍ പങ്കെടുത്ത പത്തുപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചു.

16 വിദേശരാജ്യത്തുനിന്നും കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു. ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. മാര്‍ച്ച് 9-10നും 13-14നും 17, 18,-19നും മൂന്ന് തവണയാണ് കൂടിച്ചേരലുണ്ടായത്.

മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. പരിശോധന നടത്തിയ 30 പേരില്‍ 10 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍നിന്ന് ഏകദേശം 1500 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍മാത്രം 82 പേര്‍ക്ക് രോഗലക്ഷണമുണ്ട്. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മതസമ്മേളനത്തില്‍ തെലങ്കാനയില്‍നിന്ന് ഏകദേശം 1000 പേര്‍ പങ്കെടുത്തു. ഇവരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ തിങ്കളാഴ്ച രാത്രി കോവിഡ് ബാധിച്ച് മരിച്ചു.

ജനുവരി ഒന്നാം തിയതി മുതല്‍ മാര്‍ച്ച് രണ്ടാം വാരം വരെ 2000യിരത്തിലേറെ വിദേശികള്‍ നിസാമുദീന്‍ ദര്‍ഗ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇവരില്‍ ഇന്ത്യയില്‍ ഇപ്പോഴുള്ളവരെ കണ്ടെത്തി ക്വാറന്‍യിന്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിമാന സര്‍വീസ് ആരംഭിച്ച ശേഷമുള്ള ആദ്യ വിമാനങ്ങളില്‍ അതാത് രാജ്യങ്ങളിലേയ്ക്ക് ഇവരെ മടക്കി അയക്കും.

മാര്‍ച്ച് 14 മുതല്‍ 19 വരെ നിസാമുദീനില്‍ നിന്നും ദക്ഷിണേന്ത്യയിലേയ്ക്ക് പോയ ട്രെയിനുകളിലെ യാത്രക്കാരെ റയില്‍വേയുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ആന്ധ്രാപ്രദേശിലേയ്ക്ക് പോയ തുരന്തോ എക്സ്പ്രസ്, ചെന്നൈയിലേയ്ക്ക് പോയ ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ്, തമിഴ്നാട് എക്സ്പ്രസ് എന്നിവയാണ് പരിശോധിക്കുന്നത്. ആന്ധ്ര തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗവ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News