കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ കിട്ടാത്തതിന്റെ പേരില്‍ ആരും പ്രയാസപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡുകളില്‍ ആളുകള്‍ കുറഞ്ഞതായാണ് കാണാന്‍ സാധിക്കുന്നത്. അനാവശ്യമായി ആളുകള്‍ പുറത്തിടങ്ങി നടക്കുന്ന സംഭവത്തില്‍ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,155 പേരെ അറസ്റ്റ് ചെയ്തു. പകര്‍ച്ചവ്യാധി ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തേക്ക് 22,153 ട്രക്കുകള്‍ സാധനങ്ങളുമായി എത്തി. കര്‍ണാടകയില്‍ റോഡ് പ്രശ്നം നിലനില്‍ക്കുകയാണ്. ചരക്ക് നീക്കമടക്കം തടയുന്നു. ഇത് ഒഴിവാക്കണം. 2,70,913 പേര്‍ക്ക് ഇന്ന് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തു. ഇതില്‍ 2,45,607 ഉം സൗജന്യമാണ്. സന്നദ്ധ സേനയുടെ രജിസ്ട്രേഷനില്‍ നല്ല പുരോഗതിയുണ്ടായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറികളില്‍ ജോലി ചെയ്ത് താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊഴിലുടമകള്‍ ഇത്തരക്കാരോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിലേക്കെത്താന്‍ പറയുന്നു. അത് ശരിയായ നടപടിയല്ല. ഇതുവരെയുള്ള സൗകര്യം തൊഴിലുടമകള്‍ തുടര്‍ന്നും അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 91 ഇടങ്ങളില്‍ വിജിലന്‍സിന്റെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ പരിശോധന കര്‍ക്കശമായി തുടരും. വ്യാജ മദ്യ ഉല്‍പാദനം കര്‍ക്കശമായും തടയും. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും കുടുംബങ്ങളും ഇടപെടണം.

രോഗം പൂര്‍ണമായി ഭേദപ്പെട്ട ആളെ ഭാര്യ വീട്ടില്‍ കയറ്റാത്ത സംഭവമുണ്ടായി. പ്രത്യേക താമസസൗകര്യം ഇയാള്‍ക്ക് ഒരുക്കേണ്ടി വന്നു. ഇത്തരം വിഷയങ്ങളില്‍ ആളുകള്‍ക്ക് കൗണ്‍സിലിംഗ് ശക്തിപ്പെടുത്തണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റിദ്ധാരണാജനകമായി പ്രചരണം നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രമാണ് പ്രചരിപ്പിക്കേണ്ടത്. അല്ലാത്തത് തടയണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.

വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം ചരക്ക് വിമാനത്തില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. കൊറോണ പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണം. റേഷന്‍ വ്യാപാരികള്‍ക്കും പൊലീസിനും വിവിധ വീടുകളില്‍ ചെല്ലേണ്ട പാചകവാതക വിതരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് കേന്ദ്രത്തെ അറിയിക്കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരാകുന്നതും കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. തബ്ലിഖ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇക്കാര്യത്തില്‍ ഭയപ്പാടിന്റെ അടിസ്ഥാനമില്ല.

രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരെയും അനുവദിക്കില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല.എല്ലാവരും ജാഗ്രത പാലിക്കണം. ആ നിലയില്‍ തന്നെ അത് തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തങ്ങളായ ആള്‍ക്കൂട്ടങ്ങളുണ്ടാക്കുന്ന പരിപാടി ഒഴിവാക്കിയത് നാം ഓര്‍ക്കണം. കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ആരോഗ്യവകുപ്പ് അത് ശ്രദ്ധിക്കും; മുഖ്യമന്ത്രി പറഞ്ഞു.

അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് ചെയ്യാമെന്ന് ബിള്‍ഡിംഗ് ഓണെഴ്സ് അസോസിയേഷന്‍ അറിയിച്ചു. ജോര്‍ദാനില്‍ സിനിമ ചിത്രീകരണത്തിന് പോയ സംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലില്‍ അറിയിച്ചു.

സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് എന്ന പരാതി പരിഹാര സംവിധാനം; പരാതിയുടെ എണ്ണം കൊണ്ടും കാര്യക്ഷമതകൊണ്ടും രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ പരിഹാര സംവിധാനം എന്ന ഖ്യാതി നേടി. ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News