മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാരടക്കം പത്തോളം പേര്‍ക്ക് കോവിഡ് 19

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

എന്നിരുന്നാലും മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ ബാധിച്ചത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു.

ഇവരുടെ പരിചരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഒരു ജീവനക്കാരി പങ്കു വച്ച ഓഡിയോ സന്ദേശം പരിഭ്രാന്തി പടര്‍ത്തിയെങ്കിലും ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലില്‍ ബി എം സി അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രശ്‌നത്തിന് പരിഹാരം തേടിയത് ആശങ്ക അകറ്റാനായി.

ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരണത്തില്‍ കഴിയുന്ന കോവിഡ് 19 ബാധിച്ച രണ്ടു മലയാളി നഴ്‌സുമാരടക്കം പത്തിലധികം ജീവനക്കാരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്നാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പരിചരണത്തില്‍ കഴിയുന്ന നഴ്‌സ് അറിയിച്ചത്.

സമൂഹ വ്യാപനം തടയുന്നതിനായുള്ള എല്ലാ നടപടികളും മുന്‍കരുതലുകളുമായാണ് സംസ്ഥാന സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ നിയമം അനുശാസിക്കുന്ന സാമൂഹിക അകലം പാലിച്ചാണ് മുംബൈ നഗരം പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി തുടര്‍ യാത്ര ചെയ്യാനാകാതെ കുടുങ്ങി കിടക്കുന്ന നൂറു കണക്കിന് മലയാളികള്‍ക്ക് ആശ്രയമായത് മുംബൈയിലെ മലയാളി സംഘടനകളാണ്. വിദേശത്ത് നിന്നെത്തി 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അമ്പതോളം മലയാളികളും നഗരത്തിലെ വിവിധ ഹോട്ടലുകളിലായി കുടുങ്ങിയിരിക്കയാണ്. ഇവര്‍ക്കെല്ലാം സൗജന്യ താമസ സൗകര്യമൊരുക്കിയാണ് മലയാളി ഹോട്ടല്‍ ഉടമ എം എ ഖാലിദ് മാതൃകയായത്. ജോജോ തോമസ് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടല്‍ വിവിധ മേഖലകളില്‍ നിന്നുള്ള സഹായം ഉറപ്പാക്കാന്‍ സഹായിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ സഹായഹസ്തവുമായി മുംബൈയിലെ മലയാളം മിഷനും സജീവമായി രംഗത്തുണ്ട്.

മുംബൈയില്‍ 47 പുതിയ കേസുകള്‍ കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) നല്‍കുന്ന പുതിയ വിവരം. പുണെയിലെ 52 വയസ്സുകാരന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ 9 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവിക്കുന്ന ഇയാള്‍ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 215 കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

കൊറോണ വൈറസ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണം സ്വകാര്യ ലാബുകള്‍ നടത്തിയ പരിശോധനകളുടെ കണക്കുകള്‍ നാല് ദിവസത്തിന് ശേഷം സമാഹരിച്ചതാണെന്നും ബി എം സി പറയുന്നു .

47 പുതിയ കോവിഡ് -19 കേസുകളില്‍ 18 കേസുകളും മാര്‍ച്ച് 24 നും മാര്‍ച്ച് 28 നും ഇടയില്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയവരാണ്. ഈ രോഗികള്‍ ഇതിനകം ചികിത്സയിലാണ്. ഇത് മുംബൈ നഗരത്തില്‍ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 147 ആയി കണക്കാക്കുന്നു. കൊറോണ വൈറസ് മൂലം ഇതുവരെ 9 രോഗികള്‍ മരിക്കുകയും 15 രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

പോസിറ്റീവ് കേസുകളുടെ വര്‍ദ്ധനവിനെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ സ്വകാര്യ ലാബുകള്‍ക്ക് അംഗീകാരം നല്‍കി പരിശോധനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബി എം സി അറിയിച്ചു. മാര്‍ച്ച് 24 നും മാര്‍ച്ച് 28 നും ഇടയില്‍ വിവിധ സ്വകാര്യ ലാബുകളില്‍ 18 രോഗികളെ കണ്ടെത്തി. ഈ രോഗികളെല്ലാം ഐസൊലേറ്റ് വാര്‍ഡുകളില്‍ പരിചരണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News