ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണസംഖ്യ 47,000 കടന്നു. അവസാന കണക്ക് പ്രകാരം 47,222 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 935,581 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2,15,081 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,109 പേര്‍ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഇറ്റലിയിലും സ്‌പെയിനിലും രോഗബാധിതര്‍ ലക്ഷം കടന്നു. യഥാക്രമം 1,10,574ഉം 104,118ഉം പേര്‍ക്കാണ് നിലവില്‍ രോഗമുള്ളത്. ഇറ്റലിയില്‍ 13,155 പേരും സ്‌പെയിനില്‍ 9,387 പേരും മരിച്ചു.
ചൈന-81,554, ജര്‍മനി-77,981, ഫ്രാന്‍സ്- 56,989, ഇറാന്‍- 47,593, യു.കെ- 29,474 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ചൈനയില്‍ 3,312ഉം ജര്‍മനിയില്‍ 931ഉം ഫ്രാന്‍സില്‍ 4,032ഉം ഇറാനില്‍ 3,036ഉം യു.കെയില്‍ 2,352ഉം പേര്‍ മരണപ്പെട്ടു.
ആഫ്രിക്കന്‍ വന്‍കരയിലും വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്. 5,856 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 201 പേര്‍ മരിക്കുകയും 430 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യം. 49 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വൈറസിന്റെ ഭീതിയിലാണ്.
അതേസമയം, അമേരിക്കയില്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. മിസിസിപ്പിയും ജോര്‍ജിയയുമാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ആളുകള്‍ പൂര്‍ണമായും വീടുകളില്‍ തന്നെ കഴിയണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ രാജ്യത്തിനു മുന്നിലുള്ളത് വിഷമകരമായ ദിനങ്ങളെന്ന് ഡൊണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. പക്ഷേ, ജനങ്ങള്‍ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും അവസ്ഥയെ രാജ്യം ഒറ്റക്കെട്ടായി തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് രോഗികളുടെ എണ്ണം 1900 കടന്നു
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 1900 കടന്നു. നിസാമുദിനിലെ മതചടങ്ങില്‍ പങ്കെടുത്തവരില്‍ കോറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 389 ആയി. ഗുജറാത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഒരോരുത്തര്‍ വീതം മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒരാള്‍ കോവിഡ് മൂലം മരിച്ചു. കോളനി പോലീസ് സീല്‍ ചെയ്തു.
അതേസമയം, കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 131 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇനിയുള്ള ദിനങ്ങള്‍ നിര്‍ണ്ണായകമാണന്ന് വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നിലവിലെ സ്ഥിതിയില്‍ വൈറസ് വ്യാപനം പൂര്‍ണ്ണമായും തടയാന്‍ നാലാഴ്ച്ച് വേണ്ടി വരുമെന്ന് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.