ഒറിജിനലിനെ വെല്ലും വ്യാജമദ്യം; ബിജെപി പ്രവര്‍ത്തകരും മുന്‍ എക്സൈസ് ഉദ്യോഗസ്ഥനും പിടിയില്‍

ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വ്യാജവിദേശ മദ്യം നിര്‍മിച്ചു വിതരണംചെയ്ത മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനും രണ്ടു ബിജെപി പ്രവര്‍ത്തകരും പിടിയില്‍. കായംകുളം ചൂനാട് സ്വദേശിയും മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ് ജോണ്‍ (51), ബിജെപി പ്രവര്‍ത്തകരായ കൊല്ലം കല്ലുംതാഴത്തെ രാഹുല്‍ (27), കിഴക്കേകല്ലടയിലെ സഞ്ജയന്‍ (42) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം അയത്തില്‍ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റര്‍ ഒപിആര്‍ മദ്യം 1500 രൂപയ്ക്ക് വില്‍ക്കുന്നതായി അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ജെ താജുദീന്‍കുട്ടിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 28 ലിറ്റര്‍ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സഞ്ജയനേയും പിടികൂടി. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ കായംകുളം കരിയിലക്കുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചു.

വാടകയ്ക്ക് എടുത്ത ബഹുനില കെട്ടിടത്തില്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍ വില്‍പ്പനയുടെ മറവിലായിരുന്നു ഇത്. സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് എക്‌സൈസില്‍നിന്ന് പിരിച്ചുവിടപ്പെട്ടയാളാണ് ഹാരിഷ ജോണ്‍.

വിവിധ ഫ്‌ലേവറുകള്‍ കലര്‍ത്തിയ 480 ലിറ്റര്‍ വ്യാജ മദ്യം, മദ്യം നിറയ്ക്കാനുള്ള 5320 കാലിക്കുപ്പി, കുപ്പി സീല്‍ ചെയ്യാനുള്ള ഹൈടെക് സീലിങ് മെഷീന്‍ എന്നിവ കണ്ടെടുത്തു.

സ്പിരിറ്റ് നിറക്കാനുള്ള 50 കന്നാസുകള്‍, സ്പിരിറ്റ് ലയിപ്പിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഒപിആര്‍ മദ്യത്തിന്റെ 5,800ഉം ജവാന്‍ മദ്യത്തിന്റെ 690 ഉം ഡാഡി വില്‍സണ്‍ മദ്യത്തിന്റെ 837ഉം വ്യാജ ലേബലുകള്‍, ബെവ്കോയുടെ 7,210 വ്യാജ ഹോളോഗ്രം സ്റ്റിക്കറുകള്‍ എന്നിവയും പിടികൂടി.

ആലത്തൂരിലെ മുന്‍ സ്പിരിറ്റ് കേസ് പ്രതിയില്‍നിന്നാണ് സ്പിരിറ്റ് ലഭിക്കുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഗോവയില്‍നിന്നാണ് ഫ്‌ലേവറുകള്‍ ലഭിച്ചത്. സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത് ശിവകാശിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News