കൊറോണ: ധാരാവിയില്‍ ഒരു മരണം; ഹോട്ട് സ്‌പോട്ട് ആയി മുംബൈ; ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് നിര്‍ണായകം

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്. ശ്വാസതടസ്സം മൂലം 56 കാരനായ രോഗിയെ സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന വീട്ടിലെ മറ്റ് ഏഴ് പേരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നാളെ ഇവരെ പരിശോധനക്ക് വിധേയരാക്കും. ധാരാവിയുടെ പുനര്‍വികസന ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് അധികൃതര്‍ മുദ്ര വെച്ചതായാണ് വിവരങ്ങള്‍ പുറത്തു വരുന്നത്.

മഹാരാഷ്ട്രയിലെ 300-ലധികം കോവിഡ് -19 കേസുകളില്‍ മുംബൈയിലുണ്ടെങ്കിലും ധാരാവിയില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നത് നഗരത്തിന് വലിയ വെല്ലുവിളിയാകും. വൃത്തികെട്ട പാതകള്‍, ഇടുങ്ങിയ കുടിലുകള്‍, തുറന്ന അഴുക്കുചാല്‍ എന്നിവയുടെ 5 ചതുരശ്ര കിലോമീറ്റര്‍ ശൈലിയില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളില്‍ ഒന്നാണ് ധാരാവി.

കഴിഞ്ഞ 24 മണിക്കൂറില്‍ മുംബൈയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായതിനെത്തുടര്‍ന്ന് മഹാ നഗരം വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ആയി മാറിയിരിക്കയാണ്. 24 മണിക്കൂര്‍ കാലയളവില്‍ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് ആശങ്കാജനകമാണ്.

മുന്‍കരുതലുകള്‍ പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ വൈകിയ നഗരമായിരുന്നു മുംബൈ. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വരെ യാത്രക്കാരെ കുത്തി നിറച്ചു ഓടി കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനുകള്‍ ഉയര്‍ത്തിയിരുന്ന ഭീഷണികള്‍ കൈരളി ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് ഏറെ നിര്‍ണായകമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here