‘പിഎം കെയേഴ്സി’ല്‍ സുതാര്യതയില്ല: പദ്ധതി അനാവശ്യം, ലക്ഷ്യം സംശയകരമെന്ന് സിപിഐഎം പിബി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് പദ്ധതി അനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ മാസം 28ന് പ്രഖ്യാപിച്ച പിഎം കെയേഴ്സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കവെയാണ് വിഷയത്തില്‍ സിപിഐഎം പൊളിറ്റ് ബ്യുറോ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

പിഎം കെയേഴ്സിന്റെ പല കാര്യങ്ങളിലും സുതാര്യതയില്ല എന്ന് പൊളിറ്റ് ബ്യുറോ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ദുരിതാശ്വാസ നിധി സുതാര്യമാണ്. സിഎജി ഓഡിറ്റ് ഉണ്ട്. എന്നാല്‍ പിഎം കെയേഴ്സിന് ഓഡിറ്റ് ഉണ്ടോ എന്നതില്‍ പരാമര്‍ശമില്ല. പിഎം കെയേഴ്സിലെ ട്രസ്റ്റികള്‍ ആരോടാണ് മറുപടി പറയാന്‍ ബാധ്യസ്ഥരെന്നും വ്യക്തതയില്ല. അതുകൊണ്ട് പിഎം കെയേഴ്സ് കൊണ്ടുവന്നതിന് പിന്നിലെ ലക്ഷ്യം സംശയകരമാണെന്ന് സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

പിഎം കെയേഴ്സിലേക്ക് സംഭാവന ചെയ്തത്‌കൊണ്ടുമാത്രം കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ബാധ്യത നിറവേറ്റി എന്ന് കണക്കാക്കുകയാണ് എന്ന വിമര്‍ശനവും സിപിഐഎം ഉന്നയിക്കുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ഭാരത് കേ വീര്‍ കൊണ്ടുവന്നു. ഇതിലേക്ക് വന്ന സംഭാവന എങ്ങനെ വിനിയോഗിച്ചു എന്നതിന്റെ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇങ്ങനെ ഒരു പശ്ചാത്തലം നിലനില്‍ക്കെ പിഎം കെയേഴ്സിനെക്കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉയരുന്നുവെന്ന് സിപിഐഎം പറഞ്ഞു.

പിഎം കെയേഴ്സിന്റെ പേര് ഇന്ത്യ കെയേഴ്സ് എന്ന് പുനര്‍നാമകരണം നടത്തണം. ആരോഗ്യമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. കോവിഡ് നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ തുക ഇല്ലാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ പിഎം കെയേഴ്സിലേക്ക് വന്ന തുക പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി സംസ്ഥാനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കൈമാറണമെന്നും സിപിഐഎം പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News