വന്‍പ്രതിസന്ധി; ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കൊറോണ പടരുന്നു

ദില്ലിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ കോവിഡ് പടരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വലിയ പ്രതിസന്ധിയാണ് ദില്ലിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നേഴ്സുമാരും നേരിടുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഏഴ് ഡോക്ടര്‍മാരില്‍ കോവിഡ് സ്ഥിരീകരിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് കണ്ടെത്തിയതോടെ ക്വാറന്റയിന്‍ ചെയ്തു.

ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഡോക്ടരിലും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ 32 വയസുകാരനായ ഒരു ഡോക്ടരിലും കോവിഡ് കണ്ടെത്തി.

അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ആരംഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൊഹല്ല ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ദമ്പതിമാരിലും രോഗം സ്ഥിരീകരിച്ചു. ഇവരുടെ ചികിത്സ തേടി ആശുപത്രികളിലെത്തിയ 2600 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടടുണ്ട്.

ഇത് കൂടാതെ പശ്ചിമ ദില്ലിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കും കോറോണ. പ്രതിരോധ സജീകരണങ്ങളുടെ അപര്യാപ്തയാണ് രോഗം വരാന്‍ കാരണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ ചൂണ്ടികാട്ടുന്നു.

കോവിഡ് പ്രതിരോധത്തിനായുള്ള വസ്ത്രങ്ങളടങ്ങിയ കിറ്റ് ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും എത്തിക്കാന്‍ ദില്ലി സര്‍ക്കാരിനാകുന്നില്ല. എച്ച്.ഐ.വി പ്രതിരോധ കിറ്റാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. ഇതിലാകട്ടെ മാസ്‌ക് ഇല്ല.

പകരം തൂവാല ഉപയോഗിക്കേണ്ടി വരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. സ്ഥിതി പരിതാപകരമാകുന്നതിനാല്‍ പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ രാജി നല്‍കുന്നു.

12 ഓളം രാജികള്‍ ഒറ്റ ദിവസത്തില്‍ലഭിച്ചതോടെ വടക്കന്‍ ദില്ലിയിലെ ഹിന്ദുറാവു ആശുപത്രി രാജികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here