പോത്തന്‍കോട്: അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ്; കളക്ടറുടെ ഉത്തരവ് തെറ്റിദ്ധരിപ്പിക്കുന്നത്; മേഖലയില്‍ വൈറസിന്റെ സമൂഹവ്യാപനമില്ലെന്നും മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കൊറോണ ബാധിച്ച് പോത്തന്‍കോട് ഒരാള്‍ മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മേഖലയില്‍ വൈറസിന്റെ സമൂഹവ്യാപനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പോത്തന്‍കോട് മേഖലയില്‍ ഉത്തരവുകള്‍ ഇറങ്ങിയതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി. കളക്ടര്‍ ഇറക്കിയ ഉത്തരവ് തെറ്റിധരിപ്പിക്കുന്നതായിരുന്നു. ആ ഉത്തരവുകള്‍ പിന്‍വലിച്ചെന്നും കടകംപള്ളി പറഞ്ഞു.

പോത്തന്‍കോട് മേഖലയില്‍ അവശ്യസാധനങ്ങളുടെ സേവനം തടസപ്പെടില്ലെന്നും കടകള്‍ രാവിലെ 7 മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

റേഷന്‍ കടകളില്‍ ഒരു സമയം ഒരാള്‍ മാത്രം എന്ന രീതിയിലായിരിക്കും ക്രമീകരണം. റേഷന്‍ കടകള്‍ രാവിലെ 9 മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. ഒരാഴ്ച കൂടി ഈ നിയന്ത്രണം തുടരുമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കോവിഡ് ആശുപത്രികളാകും. പോത്തന്‍കോട് പരിശോധനയ്ക്ക് വിശദമായ സംവിധാനമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ടു പേരും ഹൈ റിസ്‌ക് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തരുത്. മരണപ്പെട്ട വ്യക്തിക്ക് എവിടെ നിന്നും രോഗം ബാധിച്ചു എന്നത് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍ സമൂഹ വ്യാപനത്തിന്റെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here