സംസ്ഥാനത്ത് ശമ്പള വിതരണം തുടങ്ങി; സാലറി ചലഞ്ച് നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്ത തെറ്റ്: തോമസ് ഐസക്‌

സാലറി ചാലഞ്ച് തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ച് നിർബന്ധമാക്കുന്നുവെന്ന വാർത്ത തെറ്റാണ്.

നിർബന്ധമാക്കിയാൽ പിന്നെ അതിൽ ചലഞ്ച് ഇല്ലല്ലോ എന്നും ധനമന്ത്രി എഫ്.ബി പോസ്റ്റിൽ പ്രതികരിച്ചു. എല്ലാ വശങ്ങളും കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്‍റെ ഉത്തരവിറങ്ങുക.

എന്നാൽ, സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ശമ്പള വിതരണം ആരംഭിച്ചു ക‍ഴിഞ്ഞു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത സാഹചര്യത്തിലാണ് സംസ്ഥാനം ഇത് നൽകുന്നത്.

ഈ സാഹചര്യത്തിലാണ് സർക്കാർ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

പക്ഷെ, സാലറി ചലഞ്ച് നിർബന്ധമാക്കുമെന്നാണ് വാർത്തകൾ, അത് തെറ്റാണ്. എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും നടപ്പാക്കുകയെന്നത് തനിക്ക് അറിയില്ല. നിർബന്ധമാക്കിയാൽ പിന്നെ അതിൽ ചലഞ്ച് ഇല്ലല്ലോ എന്നും ഐസക് ചോദിക്കുന്നു.

പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. അതുകൊണ്ട് തന്നെ ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്‍റെ ഉത്തരവിറങ്ങുകയെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു നിർബന്ധവുമില്ല. നല്ലമനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി.

മാർച്ച് മാസത്തെ വരുമാനത്തിന്‍റെ കണക്കുകൾ ലഭ്യമായിട്ടില്ല. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതി പൂർണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോർ വാഹനങ്ങളുടെ വിൽപ്പനയില്ല. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിൽ മാസത്തിൽ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.

ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും മാർച്ച് മാസത്തെ ശമ്പളം പൂർണ്ണമായി നൽകുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു.

ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്.സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ശമ്പള വിതരണം നിയന്ത്രിക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News