ലോക്ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ കോസ്റ്റൽ പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളടക്കം 35 മൽസ്യതൊഴിലാളികളേയും കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം പത്തനാപുരത്ത് നീരീക്ഷണത്തിലിരിക്കെ മുങ്ങിയ തമിഴ്നാട് സ്വദേശിയെ രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് കണ്ടെത്തി.
ലോക്ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ നിന്നുള്ള മൽസ്യതൊഴിലാളികൾ കേരളത്തിൻറെ തീരങ്ങളിൽ മൽസ്യബന്ധനം നടത്തുന്നുവെന്ന രഹസ്യാന്വേഷണറിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്.
ആഴക്കടലിൽ നിന്ന് പിടിക്കുന്ന മൽസ്യ ചെറുവള്ളങ്ങളിൽ കയറ്റി ഹാർബറിലെത്തിക്കുകയായിരുന്നു ഇവരുടെ രീതി. 10 പേർക്ക് മാത്രം മൽസ്യബന്ധനത്തിന് അനുമതിയുള്ള കുളച്ചലില്‍ നിന്നെത്തിയ ബോട്ടിൽ 28 പേരാണ് ഉണ്ടായിരുന്നത്.
കന്യാകുമാരിയിൽ നിന്നെത്തിയ ബോട്ടിൽ ഒരു നീണ്ടകര സ്വദേശിയും ആറ് തമിഴ്നാട്ടുകാരും ഉണ്ടായിരുന്നു. പൊലീസിനെ കണ്ട് കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച നീണ്ടകര സ്വദേശിയെ പൊലീസ് പിടികൂടി. മുപ്പത്തിയഞ്ച് പേരേയും ഓച്ചിറയിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി.
ഈ ബോട്ടിലുണ്ടായിരുന്ന മീനുകൾ മൽസ്യഫെഡ് ഏറ്റെടുത്തു. അതേസമയം, പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ തമിഴ്നാട് സ്വദേശി മുങ്ങിയത് പരിഭ്രാന്തി പരത്തി.
രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കനാലിൽ നിന്ന് ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Get real time update about this post categories directly on your device, subscribe now.