സര്‍ക്കാര്‍ ഇടപെടല്‍; വായ്പ 6000 കോടിയാക്കി ; അടിയന്തര ചെലവുകള്‍ക്ക് വേണ്ടത് 8000 കോടി

ഏപ്രിലിലെ ആദ്യദിനത്തിലെ കടപത്ര ലേലത്തില്‍ കേരളത്തിനായി 6000 കോടി സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം. ഏഴിനാണ് ലേലം. നേരത്തെ കേരളത്തിന് 1500 കോടിക്കായിരുന്നു ആര്‍ബിഐ വിജ്ഞാപനം.

സംസ്ഥാനം പ്രതീക്ഷിച്ചത് 7000 കോടിയും. ഇക്കാര്യം സംസ്ഥാന ധനവകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും അടിയന്തര ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്, ആദ്യലേലത്തില്‍ത്തന്നെ കേരളത്തിന് 6000 കോടി അനുവദിച്ചു.

ഈവര്‍ഷം കേരളത്തിന് 26,000 കോടി രൂപ കടമെടുക്കാം. ഇതില്‍ 12,500 കോടി രൂപയ്ക്കുള്ള അനുമതി അവസാന പാദത്തിലായിരിക്കുമെന്നാണ് കേന്ദ്ര നിര്‍ദേശം. ബാക്കി 13,500 കോടി എപ്പോള്‍ വേണമെങ്കിലുമെടുക്കാം.

കോവിഡ് സൃഷ്ടിച്ച വരുമാനനഷ്ടം നികത്താന്‍ 12,000 കോടി രൂപയെങ്കിലും അടിയന്തരമായി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് സംസ്ഥാനം തീരുമാനിച്ചു. 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഒറ്റയടിക്ക് മുഴുവന്‍ തുകയും ലഭ്യമാകാത്തതിനാലാണ് 8000 കോടി രൂപയുടെ അനുമതി തേടിയത്.

അല്‍പ്പാശ്വാസം മാത്രം

വായ്പത്തുക ഉയര്‍ത്തിയത് അല്‍പ്പാശ്വാസം മാത്രമാണെന്ന് ധന വകുപ്പിന്റെ വിലയിരുത്തല്‍. ഏപ്രിലിലെ അവശ്യചെലവുകള്‍ക്ക് 8000 കോടി രൂപവേണം. ശമ്പളവും പെന്‍ഷനും വേറെയും. വിതരണം തുടങ്ങിയ സാമൂഹ്യ, ക്ഷേമ പെന്‍ഷനുകള്‍ക്കായി 4706 കോടി വേണം. മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷന് അടിയന്തരമായി 300 കോടി വേണം.

റബര്‍ സബ്സിഡിക്കായി 80 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ റേഷന്‍ വിതരണത്തിന് ആദ്യഘട്ടത്തില്‍ 300 കോടി നീക്കിവച്ചു. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് 59 കോടിവേണം. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കും സ്റ്റൈന്‍െഡുകള്‍ക്കുമായി 100 കോടി വിതരണംചെയ്യും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും അഞ്ചുലക്ഷത്തില്‍ത്താഴെയുള്ള ബില്ലുകള്‍ മാറുന്നതിന് 2000 കോടി വേണം. കെഎസ്ആര്‍ടിസിക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ 100 കോടി അനുവദിച്ചു.

റേഷന്‍ വ്യാപരികളുടെ കമീഷന്‍, അങ്കണവാടികളുടെ ഉള്‍പ്പെടെ പോഷകാഹാര വിതരണമടക്കമുള്ള ചെലവുകളുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച ആയിരത്തില്‍പ്പരം പേരുടെ ആനുകൂല്യ വിതരണത്തിന് 250 കോടി വേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News