ലോക്ക് ഡൗണ്‍: അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി നേരിടുന്ന അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. അതിഥി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ അതിഥി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി പരാമര്‍ശം.

അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കറിയിച്ച കോടതി ഇവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനടക്കം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഏപ്രില്‍ 7നകം മറുപടി നല്‍കാനാണ് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

അതേസമയം, ഹര്‍ജി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ് എന്നിവരെ കേന്ദ്രം വിമര്‍ശിച്ചു. എ സി മുറിയിലിരുന്ന് പൊതുതാല്പര്യ ഹര്‍ജികള്‍ നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. ഇത്തരം പൊതുതാല്പര്യ ഹര്‍ജി നല്‍കുന്ന കടകള്‍ പൂട്ടിക്കണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പരാമര്‍ശം.

മെഡിക്കല്‍ ഉപകരണങ്ങളുടെ കരിഞ്ചന്തയും വില വര്‍ധനവും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇതേ സുപ്രീംകോടതി ബെഞ്ച് തന്നെ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മാസ്‌ക്, സാനിടൈസറുകള്‍ തുടങ്ങിയവയുടെ വില നിജപ്പെടുത്തിയ മാര്‍ച്ച് 27ലെ ഉത്തരവിന് പ്രചാരം നല്‍കണം. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ താമസ കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകളും പലായനം ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള അഭയ കേന്ദ്രങ്ങളുമാക്കി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here