കര്‍ണാടക അതിര്‍ത്തി അടക്കല്‍; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് സുപ്രീംകോടതി

കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. രോഗികളെയും കൊണ്ടുള്ള അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേരള കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുത്താല്‍ വന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള കാസര്‍കോട് ജില്ലയിലെ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ കൊറോണ പടരാന്‍ വഴിയൊരുക്കും. അതിനാല്‍ രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ കടത്തി വിടാന്‍ ദേശീയപാത തുറന്നു കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കര്‍ണാടക സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു,ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം നിരസിച്ചു. ചികിത്സ നിഷേധിക്കുക മൗലികാവകാശ നിഷേധമാണ്. അതിനാല്‍ സ്റ്റേ അനുവദിക്കരുതെന്ന് കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. രമ്യമായ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും വിഷയം വഷളാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ കടത്തി വിടേണ്ടിവരുമെന്നും ഏതൊക്കെ വാഹനങ്ങള്‍ കടത്തി വിടണമെന്ന് തീരുമാനിക്കാന്‍ സംവിധാനമുണ്ടാക്കാനും കോടതി പറഞ്ഞു. രണ്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ഹെല്‍ത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നായിരിക്കണം പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കേണ്ടത്. കോടതി തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

അതിര്‍ത്തി അടച്ചതിനെതിരെ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലും കര്‍ണാടകയുടെ അപ്പീലിലും കോടതി നോട്ടീസ് അയച്ചു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഇതിനിടെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഹര്‍ജി നല്‍കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മിഥുന്‍ റായിയാണ് ഹര്‍ജി നല്‍കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here