സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ: 14 പേര്‍ക്ക് രോഗം ഭേദമായി; വൃദ്ധ ദമ്പതികളുടെ രോഗം ഭേദമായത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാസര്‍ഗോഡ് ജില്ലയില്‍ ഏഴും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 പേര്‍ക്ക് രോഗം ഭേദമായെന്നും ഇത് സന്തോഷകരമായ വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

206 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഏഴ് പേര്‍ വിദേശികളാണ്. 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69,291 പേര്‍ വീടുകളിലാണ്. 706 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും 8126 പേരുടെ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കൊറോണ ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കോവിഡിനെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ രോഗം ഭേദമായത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണെന്നും അവരെ അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ നിശ്ചയിക്കാന്‍ കെ എം അബ്രഹാം അധ്യക്ഷനായിവിദഗ്ധസമിതിയെ നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാമ്മന്‍ മാത്യു, ശ്രേയാംസ് കുമാര്‍, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാനന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എം വി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജന്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത 3 ദിവസങ്ങളില്‍ ജന്‍ധന്‍ യോജന പദ്ധതി പ്രകാരം ലഭിച്ച പണം എടുക്കാന്‍ ആളുകള്‍ക്ക് സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാങ്ക് ഉദ്യോഗസ്ഥര്‍ വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നുവെന്നും അവരുടേത് പ്രശംസനീയമായ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പച്ചക്കറി ക്ഷാമം ചില സ്ഥലങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. ചരക്കു വരവ് കുറഞ്ഞതായി കാണുന്നു. ഇത് മൂലം വിപണിയില്‍ വില കൂടുന്നുണ്ട്. കൂടുതല്‍ പച്ചക്കറി സംഭരിക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെറ്റില, സ്‌ട്രോബറി, വാനില കര്‍ഷകരുടെ പ്രതിസന്ധി പരിശോധിക്കുമെന്നും മത്സ്യബന്ധന ജോലികള്‍ക്ക് പോയി വന്നവര്‍ പരിശോധനയ്ക്കും നിരീക്ഷണത്തിന് തയാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാസ്‌ക് ധരിക്കുന്നതില്‍ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആശുപത്രിക്ക് അകത്തുള്ളവര്‍ മാത്രമാണ് സാധാരണ മാസ്‌ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോള്‍ എല്ലാവരും മാസ്‌ക് ധരിച്ച് തുടങ്ങി. ഇതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരവര്‍ക്ക് രോഗം തടയാനാണ് മാസ്‌ക് എന്ന് കരുതരുത്. മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാന്‍ കൂടിയാണിത്. അതുകൊണ്ട് മാസ്‌ക് വ്യാപകമായി ധരിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തില്‍ എന്ത് വേണം എന്നതില്‍ ആശയസംഘര്‍ഷം വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിറ്റി കിച്ചനുകളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവശ്യമായ ആളുകള്‍ മാത്രമേ കിച്ചനില്‍ പാടുള്ളൂ. അര്‍ഹരായവര്‍ക്ക് മാത്രം നല്‍കണം. പേരുകള്‍ മുന്‍കൂട്ടി തീരുമാനിക്കണം. പ്രത്യേക താല്പര്യം വച്ചു ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ആരെങ്കിലും അതത് സ്ഥാനത്ത് ഇരുന്നു ശ്രമിച്ചാല്‍ അനുവദിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസമുണ്ട്. പക്ഷേ, ലോക്ക് ഡൗണ്‍ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്നും വ്യാജപ്രചാരണമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനം പിന്നീട് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കമ്യൂണിറ്റി കിച്ചന്‍ പൂട്ടുന്നു എന്ന കോട്ടയത്ത് നിന്നുള്ള വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News