അഞ്ച് കോടിയിലധികം തനത് ഫണ്ട് കോട്ടയം നഗരസഭയ്ക്കുണ്ട്; കമ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ ഫണ്ടില്ലെന്ന വാദം അടിസ്ഥാന രഹിതം

തിരുവനന്തപുരം: കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നുപോയി എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടിന്റെ അപര്യാപ്തത മൂലം നഗരസഭയുടെ കമ്യൂണിറ്റി കിച്ചണ്‍ പൂട്ടുന്നു എന്ന വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 31 ന്റെ കണക്ക് പ്രകാരം 5 കോടിയില്‍ പരം രൂപ തനത് ഫണ്ട് തന്നെ നഗരസഭയ്ക്കുണ്ട്. തദ്ദേശ മന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കമ്യൂണിറ്റി കിച്ചണ്‍ നടത്തുക എന്നത് തദ്ദേശ സ്ഥാപനം ഏറ്റെടുക്കേണ്ട ഒരു ധര്‍മ്മായി തന്നെ കാണണം. ഫണ്ടിന്റെ ദൗര്‍ലഭ്യം ഉണ്ടാകില്ല. ഫണ്ട് ചെലവഴിക്കാം. അതിന് അനുമതിയുണ്ട്.

എന്നാല്‍ അര്‍ഹര്‍ക്ക് മാത്രമേ ഭക്ഷണം കൊടുക്കാവു. തങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്തൊക്കെ കിച്ചണ്‍ തുടങ്ങണമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അത് അനുവദിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കമ്യൂണിറ്റി കിച്ചണ്‍ വഴി 3,01,255 പേര്‍ക്ക് ഭക്ഷണം നല്‍കി. കഴിഞ്ഞദിവസത്തേക്കാള്‍ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ഇപ്പോഴും കേള്‍ക്കുന്നത്. അടുക്കളയില്‍ നിയോഗിക്കപ്പെട്ട ആളുകള്‍ എത്രയാണോ, അവര്‍ മാത്രമേ കിച്ചണില്‍ ഉണ്ടാകാവു.

ആര്‍ക്കൊക്കെയാണോ സൗജന്യമായി ഭക്ഷണം നല്‍കുന്നത്, ആ വ്യക്തിയുടേയോ കുടുംബത്തിന്റേയോ പേര് മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം.

ഏതെങ്കിലും പ്രത്യേക താല്‍പര്യം വച്ച് ഇതിലൂടെ കൂറെ പേര്‍ക്ക് ഭക്ഷണം കൊടുക്കാം എന്നാരും ചിന്തിക്കരുത്. ആരും പട്ടിണി കിടക്കാന്‍ പാടില്ല.

സാധാരണ നിലക്ക് ഭക്ഷണത്തിന് പ്രശ്‌നമില്ലാത്തവര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം എത്തിക്കേണ്ട ആവശ്യം വരുന്നില്ല. പ്രത്യേക കാരണമുള്ളവരെ സഹായിക്കേണ്ടിവരും.

ഇഷ്ടക്കാര്‍ക്കെല്ലാം ഭക്ഷണം കൊടുക്കാമെന്ന്, ഏതെങ്കിലും പ്രത്യേകസ്ഥാനത്തിരിക്കുന്നു എന്നതന്റെ പേരില്‍ ആരെങ്കിലും ശ്രമം നടത്തിയാല്‍ അംഗീകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News