കൊറോണക്കാലത്ത് കേരളത്തോട് കേന്ദ്രത്തിന്റെ ക്രൂരത; വൈറസ് ബാധിച്ചവര്‍ കൂടുതലുള്ള കേരളത്തിന് നല്‍കിയത് 157 കോടി മാത്രം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് ഉയര്‍ന്ന തുകകള്‍; മഹാകുഭമേളയ്ക്ക് 375 കോടി രൂപ

ദില്ലി: സംസ്ഥാന ദുരന്ത പ്രതികരണ നിധി വിതരണത്തില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാരിന്റെ വിവേചനം.

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം. ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേരളത്തേക്കാള്‍ തുക നല്‍കി.

ദുരന്തം ഉണ്ടാകുമ്പോള്‍ ഇരകളാകുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുകയാണ് ദുരന്ത പ്രതികരണ നിധി.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ സമര്‍ദത്തിനൊടുവില്‍ കേന്ദ്ര ധനമന്ത്രാലയം 11092 കോടി രൂപ അനുവദിച്ചു. 2020-20 സാമ്പത്തിക വര്‍ഷത്തേയ്ക്കാണ് തുക. ഇത് പ്രകാരം മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള കേരളത്തിന് അനുവദിച്ചത് 157 കോടി രൂപ മാത്രം.

മഹാരാഷ്ട്രയ്ക്ക് 1611 കോടി രൂപ നല്‍കി. 177 രോഗികള്‍ ചികിത്സയിലുള്ള ഉത്തര്‍പ്രദേശിന് നല്‍കിയത് 966 കോടി രൂപ. ഏറ്റവും കൂടുതല്‍ തുക ലഭിച്ച മൂന്നാമത്തെ സംസ്ഥാനം മധ്യപ്രദേശ്. മൂന്നും ഭരിക്കുന്നത് ബിജെപി. എന്‍ഡിഎയോട് അടുക്കുന്ന ബിജെഡി ഭരിക്കുന്ന ഒഡീഷയ്ക്ക് 802 കോടി നല്‍കിയിട്ടുണ്ട്. അവിടെ ആകെ കൊവിഡ് രോഗികള്‍ അഞ്ച് പേര്‍ മാത്രം.

രാജസ്ഥാന് 740 കോടി, ഗുജറാത്തിന് 662 കോടി, ബീഹാറിന് 708 കോടി, ആന്ധ്രാപ്രദേശിന് 555 കോടി, തമിഴ്നാടിന് 510 കോടി നല്‍കിയടുത്താണ് കേരളത്തിന് വെറും 157 കോടി രൂപ നീക്കി വച്ചത്.

ഇത് കൂടാതെ അടുത്ത വര്‍ഷം ഹരിദ്വാറില്‍ നടക്കുന്ന മഹാകുഭമേളയ്ക്ക് കേരളത്തേയ്ക്കാള്‍ കൂടുതല്‍ തുക അനുവദിച്ച് ആഭ്യന്തരമന്ത്രാലയവും ഉത്തരവിറക്കി. 375 കോടി രൂപ. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഫണ്ട് അനുവദിച്ചത്.

മാര്‍ച്ച് പതിനാലിന് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here