രാജ്യത്തെ ഇരുട്ടിലാക്കുന്ന ആഹ്വാനം പിൻവലിക്കണം; ദേശീയ ഗ്രിഡിനു ഭീഷണി – പിബി

കോവിഡിനെതിരായ യുദ്ധത്തിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി ഒൻപതിനു ഒൻപത്‌ മിനിട്ട്‌ ലൈറ്റുകൾ അണയ്‌ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തെ ഇരുട്ടിലാക്കാൻ നടത്തിയ ആഹ്വാനം പ്രധാനമന്ത്രി ഉടൻ പിൻവലിക്കണം.

ഗ്രിഡിൽനിന്നുള്ള ഊർജത്തിന്റെ 15 മുതൽ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകൾ ഒരേസമയം കൂട്ടത്തോടെ അണച്ചാൽ എന്താണ്‌ സംഭവിക്കുക? ഗ്രി‌ഡ്‌ സ്ഥിരത നഷ്ടപ്പെട്ട്‌‌ തകർച്ചയിലെത്തും. 2012 ജൂലൈയിൽ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും.

ഗ്രിഡിന്റെ പ്രവർത്തനം സാധാരണനിലയിൽ എത്തിക്കാൻ രണ്ടുമൂന്ന്‌ ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിർണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തിൽ ഈ സ്ഥിതി രാജ്യത്തെ ഡോക്ടർമാർക്കും ഇതര ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ചിന്തിക്കേണ്ടതാണ്‌. എല്ലാവരും വീടുകളിൽ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.

ഗ്രിഡിനുണ്ടാകുന്ന അപകടത്തെക്കുറിച്ച്‌ ദേശീയ–-സംസ്ഥാന ഗ്രിഡുകൾ ഇതിനകം കേന്ദ്ര,സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ട്‌. രാജ്യത്തെ അപകടത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന്‌ പിബി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel