ദില്ലിയിലും മുംബൈയിലും രോഗികള്‍ കൂടുന്നു; മരണം 96 ആയി; രോഗികള്‍ 3586; ഒറ്റദിവസം 635 രോഗികള്‍

ദില്ലി: അടച്ചിടല്‍ തീരാന്‍ ഒമ്പതുനാള്‍ ശേഷിക്കെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. മരണം 96 ആയി. ശനിയാഴ്ച 635 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഇത്രയേറെ രോഗികള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത് ആദ്യം. ആകെ രോഗികള്‍ 3586.

വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകളെ അടിസ്ഥാനമാക്കി പിടിഐ പുറത്തുവിട്ട കണക്കാണിത്. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മരണം 75. രോഗികള്‍ 3072.

രാജ്യത്തിന്റെ 30 ശതമാനത്തിലേറെയും രോഗത്തിന്റെ പിടിയിലാണ്. 200 ലേറെ ജില്ലകളിലാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി, മുംബൈ എന്നീ വന്‍നഗരങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്കയുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍.

നിസാമുദ്ദീനില്‍നിന്ന് ഒഴിപ്പിച്ചവരില്‍ അഞ്ഞൂറോളം പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഏറുമെന്നും എന്നാല്‍, സാമൂഹ വ്യാപനത്തിലേക്ക് നീങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

52 കേസ് കൂടി റിപ്പോര്‍ട്ടുചെയ്തതോടെ മഹാരാഷ്ട്രയില്‍ രോഗികള്‍ 537 ആയി. ശനിയാഴ്ചത്തെ നാലുപേര്‍ ഉള്‍പ്പെടെ ആകെ മരണം 22. ധാരാവിയില്‍ രോഗികള്‍ അഞ്ചായി.നിസാമുദ്ദീന്‍ മര്‍ക്കസുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍ 1023 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News