
ദില്ലി: ഞായറാഴ്ച രാത്രി ഒമ്പതിന് രാജ്യത്തെ എല്ലാ വീട്ടിലും ഒമ്പത് മിനിറ്റ് വൈദ്യുതവിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ദേശീയ വൈദ്യുതി വിതരണശൃംഖലയെ താറുമാറാക്കുമെന്ന് ആശങ്ക.
പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാനാകില്ലെന്ന് മഹാരാഷ്ട്ര പ്രഖ്യാപിച്ചു. കുഴപ്പം മുന്നില്‍ക്കണ്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. വൈദ്യുതി ഉപയോഗത്തില്‍ പൊടുന്നനെയുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ദേശീയ ഗ്രിഡിനെ ബാധിക്കാതിരിക്കാന്‍ ബദല്‍മാര്‍ഗത്തിനായി ഊര്‍ജമേഖലയിലെ ജീവനക്കാരും തൊഴിലാളികളും പരിശ്രമിക്കുന്നു.
2012 ജൂലൈയില്‍ ഉണ്ടായ അപ്രതീക്ഷിത ഉപഭോഗ വര്‍ധനയെത്തുടര്‍ന്ന് ഗ്രിഡ് തകര്‍ന്നത് ഉത്തരേന്ത്യയെ പൂര്‍ണമായി ഇരുട്ടിലാക്കി. രണ്ട് ദിവസം ട്രെയിന്‍, മെട്രോ ഗതാഗതം അടക്കം മുടങ്ങി. മൊത്തം വൈദ്യുതിയുടെ 15 ശതമാനംവരെയാണ് വീടുകളില്‍ ലൈറ്റുകള്‍ക്ക് വേണ്ടത്. അടച്ചുപൂട്ടലിനുശേഷം പൊതു വൈദ്യുതി ഉപയോഗം 30 ശതമാനം കുറവാണ്. എന്നാല്‍, ഗാര്‍ഹിക ഉപയോഗം കൂടി.
ലൈറ്റുകള്‍ മൊത്തം അണയ്ക്കുമ്പോള്‍ ഊര്‍ജ ഉപയോഗത്തിലുണ്ടാകുന്ന വന്‍ കുറവ് ദേശീയ ഗ്രിഡില്‍ വ്യതിയാനത്തിന് കാരണമാകും. ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗ്രിഡ് തകര്‍ന്ന് വൈദ്യുതിവിതരണം തടസ്സപ്പെടും.
ലൈറ്റുകള്‍ ഒന്നിച്ച് തെളിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട്. ദേശീയ ഗ്രിഡിന്റെ ചുമതലക്കാരായ പവര്‍ സിസ്റ്റംസ് ഓപ്പറേറ്റിങ് കോര്‍പറേഷന്‍ ഇക്കാര്യം ഊര്‍ജമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതീവജാഗ്രത പുലര്‍ത്താന്‍ ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഗ്രിഡിനെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് മഹാരാഷ്ട്ര ഊര്‍ജമന്ത്രി ഡോ. നിതിന്‍ റാവത്ത് പ്രതികരിച്ചു. രാത്രി എട്ടുമുതല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട് ബോര്‍ഡുകള്‍ തീരുമാനിച്ചു.
ലൈറ്റ് അണച്ചാലും ഊര്‍ജ ഉപയോഗം താഴാതിരിക്കാന്‍ ഫാന്‍, എസി, കംപ്യൂട്ടര്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവ ഓഫ് ചെയ്യരുതെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here