കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരം നാളെ മുതല്‍

കൊച്ചി: കൊറോണ ദുരിതകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വ്യാപാരം തിങ്കളാഴ്ച ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു.


അവശ്യനിത്യോപയോഗ സാധനങ്ങളുടെ മൂന്ന് കിറ്റുകളാണ് ആദ്യഘട്ടമായി ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 499- രൂപയുടെ ‘കനിവ്’, 799 രൂപയുടെ ‘കാരുണ്യം’, 999 രൂപയുടെ ‘കരുതല്‍’ എന്നീ കിറ്റുകളാണ് വിപണിയിലെത്തിക്കുന്നത്.

അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടല, പീസ് പരിപ്പ് എന്നിവയാണ് കനിവ് കിറ്റിലുള്ളത്. ഈയിനങ്ങള്‍ക്ക് പുറമെ ആട്ട, വാഷിങ് സോപ്പ്, ബാത്ത് സോപ്പ്, ബിസ്‌കറ്റ്, മില്‍മ യുഎച്ച്ടി ടോണ്‍ മില്‍ക്ക്, എന്നിവ കാരുണ്യം കിറ്റിലും, ഈ രണ്ട് കിറ്റിലും ഉള്‍പ്പെടുന്ന സാധനങ്ങള്‍ക്ക് പുറമെ ഗ്രീന്‍ പീസ്, ഡിഷ് വാഷ് ബാര്‍ എന്നിവ മൂന്നാമത്തെ കരുതല്‍ കിറ്റിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. www.consumerfed.online എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ആദ്യഘട്ടത്തില്‍ എറണാകുളം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്‍കോഡിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരംതിരിച്ച് വിതരണം ചെയ്യും.

സാധനങ്ങളുടെ കണ്‍സ്യൂമര്‍ഫെഡ് വിലയ്ക്ക് പുറമെ സര്‍വീസ് ചാര്‍ജും നല്‍കണം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഓണ്‍ലൈന്‍ വ്യാപാരം ഉടന്‍ നടപ്പാക്കും.കണ്‍സ്യൂമര്‍ഫെഡ് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് റഫീഖ് അധ്യക്ഷനായി. ജനറല്‍ മാനേജര്‍ എം എന്‍ ജയരാജ് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News