ഹെലിന്‍: എര്‍ദോഗന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഒടുവിലത്തെ ഇര, എര്‍ദോഗന്‍ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കുറിപ്പ്

തുര്‍ക്കിയിലെ എര്‍ദോഗന്‍ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്ന് രക്തസാക്ഷിയായ സഖാവ് ഹെലിന്‍ ബോളെക്.

തങ്ങളുടേതായ ഇടതുപക്ഷ വീക്ഷണം ഉണ്ടായിരുന്ന ഹെലിന്‍ ബോളെകും ‘ഗ്രുപ് യുറും ‘എന്ന അവരംഗമായ സംഗീതസംഘവും പ്രതിരോധ സംഗീതത്തിനും നാടോടിപ്പാട്ടുകള്‍ക്കും ശ്രദ്ധേയരായിരുന്നു.

തുര്‍ക്കിയിലും യൂറോപ്പിലും അമേരിക്കയിലും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഗ്രുപ് യുറും നിരോധിക്കപ്പെട്ടത്. സംഘാംഗങ്ങളെ എര്‍ദോഗന്‍ സര്‍ക്കാര്‍ ജയിലിലും അടച്ചു.

തങ്ങള്‍ക്കു ഗാനമേളകള്‍ നടത്താന്‍ അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടാണ് ഹെലിന്‍ ബോളെകും ഒരു സഹപ്രവര്‍ത്തകന്‍ ഇബ്രാഹിം ഗോക്‌ചെക്കും ജയിലില്‍ നിരാഹാരം ആരംഭിച്ചത്. എര്‍ദോഗന്‍ സര്‍ക്കാര്‍ വഴങ്ങിയില്ല.

കഴിഞ്ഞ നവംബറില്‍ ഇവരെ ജയിലില്‍ നിന്നു പുറത്തു വിട്ടു എങ്കിലും വീട്ടില്‍ നിരാഹാരം തുടര്‍ന്നു. 288 ദിവസത്തെ നിരാഹാരത്തെത്തുടര്‍ന്നാണ് 28 വയസുകാരിയായ ഈ ഗായിക ഇന്ന് രക്തസാക്ഷിയായിരിക്കുന്നത്.

ലോകത്തെ ജനമര്‍ദ്ദകരായ അമിതാധികാരനീചരില്‍ഡോണള്‍ഡ് ട്രംപിനും ബോറിസ് ജോണ്‍സണും ബോള്‍സനാരോയ്ക്കും നരേന്ദ്ര മോദിയ്ക്കും മുന്നില്‍ നില്ക്കുന്ന എര്‍ദോഗന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. തുര്‍ക്കിയില്‍ വിവിധ കക്ഷികളും സംഘടനകളും ഉയര്‍ത്തുന്ന പ്രതിഷേധത്തില്‍ എര്‍ദോഗന്റെ ഭരണം കടപുഴകി വീഴുന്ന നാള്‍ ദൂരെയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News